പ്രിയനന്ദനൻെറ സൈലന്‍സറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ഒരുക്കിയ സൈലന്‍സറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരിച്ച ചിത്രം 27 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ 'സൈലന്‍സര്‍' എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന ഈനാശുവിന്റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഈനാശു.

ത്രേസ്യയാണ്(മീരാ വാസുദേവ്) ഈനാശുവിൻെറ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂരിൻെറ പ്രാദേശിക ഭാഷയും സംസ്‌കാരവും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനൻെറ 'പാതിരാക്കാല'ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മ്മാണം. രാമു, മീരാവാസുദേവ്, സ്‌നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Tags:    
News Summary - silencer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.