താൻ നൽകിയ കേസിലൂടെ ചിലരെയെങ്കിലും ബോധവതികളാക്കാൻ കഴിഞ്ഞു-ഷംന കാസിം

തന്നെ ഭീഷണിപ്പെടുത്തിയ പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതി നൽകി ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി ഷംന കാസിം. ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്ന താരം ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. ഇപ്പോൾ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതിനെതിരെ ഷംന രംഗത്തെത്തിയിരിക്കുകയാണ്. കുറ്റക്കാരെയോ അവരുടെ ഗ്യാങിനെ കുറിച്ചോ തനിക്ക് അറിയില്ല. ദയവ് ചെയ്ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ എന്‍റെ കുടുംബത്തിന്‍റെയോ എന്‍റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത്. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ താന്‍ നല്‍കിയ കേസിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംന എഴുതിയ കുറിപ്പിൽ പറയുന്നു.  

ഷംനയുടെ കുറിപ്പ്

ഈ പരീക്ഷണ സമയത്ത് എനിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് ഒരു വ്യക്തത വരുത്താന്‍ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ബ്ലാക്ക്മെയില്‍ ചെയ്തവരെക്കുറിച്ചോ അവരുടെ ഗ്യാങിനെക്കുറിച്ചോ എനിക്കൊന്നുമറിയില്ല. ദയവ് ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമസുഹൃത്തുക്കളോട് ഞാന്‍ അപേക്ഷിക്കുന്നു. വിവാഹാലോചനയുടെ പേരില്‍ വ്യാജ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളും നല്‍കി വഞ്ചിതരായതിന് ശേഷമാണ് എന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങള്‍ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങള്‍ക്കറിയില്ല.’

നിലവില്‍ കേരള പൊലീസ് മികച്ച രീതിയില്‍ തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്‍റെ കുടുംബത്തിന്‍റെയോ എന്‍റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ ഞാന്‍ നല്‍കിയ കേസിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’.

Tags:    
News Summary - Shamna kasim case- Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.