ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്‍റേത് -സത്യൻ അന്തിക്കാട്

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച  'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവർ പോത്തേട്ടൻ ബ്രില്യൻസിനെയും ഫഹദിന്‍റെ പ്രകടനത്തെയും പുകഴ്ത്തി രംഗത്തെത്തി. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്‍റേതെന്നാണ് ചിത്രം കണ്ട സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടത്. 

ഫഹദ് ഫാസിലിന്‍റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന്  അമ്പരന്നു. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്‍റെ അപൂർവ തലങ്ങൾ കാണിച്ചു തന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ സ്ത്യൻ അന്തിക്കാട് വ്യക്തമാക്കി. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയർ, സൗബിൻ, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക. 

ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 

ചില 'കാഴ്ച' പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് തൊണ്ടിമുതൽ കണ്ടത്.സന്ധ്യ കഴിഞ്ഞാൽ നമ്മുടെ സ്വീകരണ മുറികൾ ചാനൽ ചർച്ചകൾ കൊണ്ട് ചന്തപ്പറമ്പാകുന്ന കാലമാണ്. വാളും ചിലമ്പും കൊടുത്താൽ മദമിളകിയ ചിലർ മലയാള സിനിമക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണൽ തന്നെ മലയാളികൾ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് തൊണ്ടിമുതലിന്‍റെ വരവ്. കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്‍റെ ഭാഷയിൽ പറഞ്ഞാൽ, 'അവൻ അഭ്രത്തിൽ ഒരു കാവ്യമായി മാറി' എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ്‌ സേനനുമൊക്കെ മലയാള സിനിമക്ക് നൽകിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്‍റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അമ്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്‍റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്‍റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ.

നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.

Full View
Tags:    
News Summary - sathyan anthikkad praises Fahad Faasil thondimuthal -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.