കോവിഡ് നേരിടുന്നതിൽ കേരളം മോശമാണെന്നല്ല പറയാൻ ഉദ്ദേശിച്ചത് -സനൽകുമാർ ശശിധരൻ

കോഴിക്കോട്: കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ ആകെ മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ചല്ല താൻ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിട്ടതെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പലരും ആ തരത്തിലാണ് പോസ്റ്റ് ഉപയോഗിച്ചത്. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം” എന്ന് സമാധാനിക്കാനേ വഴിയുള്ളൂ. 

കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണെന്നാണ് താൻ ഉദ്ദേശിച്ചത്. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരുമെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു. 

പനിയെ തുടർന്ന് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒ.പിയിൽ പോയപ്പോളുണ്ടായ അനുഭവമാണ് സനൽകുമാർ കഴിഞ്ഞ ദിവസം എഴുതിയത്. രോഗികൾ കൂടിയിരിക്കുന്ന സാഹചര്യമായിരുന്നു അവിടെയെന്നും ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണമെന്നും സനൽകുമാർ പറഞ്ഞിരുന്നു. ഇതിനെ പലരും കേരള മാതൃകയെ വിമർശിക്കാനായി ഉപയോഗിച്ചതിനെ തുടർന്നാണ് വിശദീകരണമെന്ന് സനൽകുമാർ പറയുന്നു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം... 

കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം” എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ്

കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്പതും അൻപതും പേർ ആറും ഏഴും മണിക്കൂർ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓൺലൈൻ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിൽസ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നൽകുകയും ചെയ്യുകയാണെങ്കിൽ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികൾ മാത്രമായി നിയന്ത്രിക്കാം. അത് രോഗികൾക്ക് മാത്രമല്ല ആരോഗ്യപ്രവർത്തകർക്കും ഗുണകരമാണ്.

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരും. കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാൻ സന്നദ്ധരാക്കുകയും വേണം.
ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാൻ കഴിയില്ല. തുറന്നു വെക്കണം കാണണം പരിഹാരങ്ങൾ തനിയേ വരും.

രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാൽ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം
എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.

NB: പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും.

Full View

Tags:    
News Summary - sanal kumar sasidharan explains his statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.