ജയസിയുടെ കവിതയാണ് പത്മാവതിക്ക് പ്രചോദനമായതെന്ന് ഭൻസാലി

ന്യൂഡൽഹി: വിവാദങ്ങൾക്കിടയിൽ പത്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ഭൻസാലി പാർലമെന്‍ററി പാനലിന് മുന്നിൽ ഹാജരായി. ചരിത്രത്തെ വളച്ചൊടിക്കുകയാണ് എന്നും കെട്ടുകഥകളാണ് ആധാരമെന്നുമായിരുന്നു സിനിമക്കെതിരെ ഉയർന്ന ആരോപണം.
 
പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ ഭൻസാലിയെ രണ്ട് മണിക്കൂറോളം നേരം ചോദ്യം ചെയ്തെന്നാണ് റിപ്പോർട്ട്. പ്രസൂൺ ജോഷിക്കൊപ്പമായിരുന്നു ഭൻസാലി പാനലിന് മുന്നിൽ ഹാജരായത്.

സെൻസർ ബോർഡിന്‍റെ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിച്ചതെന്തിനെന്ന് പാർലമെന്‍ററി പാനലിലെ അംഗങ്ങൾ സംവിധായകനോട് ചോദിച്ചു. 

ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങൾക്ക് കാരണം ഊഹാപോഹങ്ങളാണെന്ന് ഭൻസാലി പറഞ്ഞു. താൻ വസ്തുതകളെ വളച്ചൊടിച്ചിട്ടില്ല. മാലിക് മുഹമ്മദ് ജയസിയുടെ കവിതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമെടുത്തത്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവിയായിരുന്ന ജയസിയുടെ ഐതിഹാസികമായ കവിതയാണ് പത്മാവതി.

തങ്ങൾ ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അനുരാഗ് താക്കൂർ അധ്യക്ഷനായ പാനലിന് മുമ്പാകെ പറഞ്ഞു. പാനലിൽ കോൺഗ്രസ് എം.പി രാജ് ബബ്ബാറും ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയും സന്നിഹിതരായിരുന്നു. 

പത്മാവതിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെയും ചില സംശയങ്ങളെയും അഭിസംബോധന ചെയ്യാനാണ് താൻ ശ്രമിച്ചതെന്ന് പാനലിന്‍റെ ചെയർമാൻ അനുരാഗ് താക്കൂർ പറഞ്ഞു. എങ്ങനെയാണ് സിനിമയുടെ പേരിൽ ഇത്രയും വലിയ വിവാദം ‍ഉണ്ടായത്, നികുതിദായകരായ സാധാരണക്കാരായവരുടെ പണം ഈ പ്രശ്നത്തെച്ചൊല്ലിയും ഇതിന്‍റെ സുരക്ഷയൊരുക്കുന്നതിനും വേണ്ടി ചെലവഴിക്കുന്നത് നീതിയാണോ, സെൻസർ ബോർഡ് അനുമതി ലഭിക്കുന്നതിന് മുൻപ് തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക് മുന്നിൽ സിനിമ പ്രദർശിപ്പിച്ചതെന്തിന് എന്നീ പ്രശ്നങ്ങളായിരുന്നു ചർച്ച ചെയ്തത്. വിനോദ ഉപാധിയാണ് സിനിമ. വിവാദങ്ങൾ സൃഷ്ടിച്ച് രാജ്യത്ത് മോശം അവസ്ഥ സൃഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും താക്കൂർ പ്രസ്താവനയിൽ പറഞ്ഞു.  പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗമെന്നും പ്രസ്താവയിലൂടെ അദ്ദേഹം അറിയിച്ചു. 
 

Tags:    
News Summary - Padmavati Based on Jayasi's Poem, Sanjay Leela Bhansali Tells Parliamentary Panel-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.