ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രിക തള്ളിയ പശ്ചാത്തലത്തിൽ തമിഴ് നടൻ വിശാലിന്‍റെ തുറന്ന കത്ത്.
ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തീരുമാനിച്ചത് ഒരു രാഷ്ട്രീയ പാർട്ടികളുടേയും പ്രേരണ കൊണ്ടല്ല എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. തമിഴ് ജനതയെ സേവിക്കാനുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടാണ് ഞാൻ പത്രിക സമർപ്പിച്ചത്.
നാമനിർദേശ പത്രിക തള്ളിയ സംഭവം നീതിക്ക് നിരക്കാത്തതാണ്. ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനർഥം.
ഉപതെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ ഇപ്പോൾ സംസ്ഥാന സർക്കാറിന് മുന്നിലുണ്ട്. കന്യാകുമാരിയിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളിലാണ് ഇപ്പോൾ നാം ഏർപ്പെടേണ്ടത്. കാണാതായ മത്സ്യത്തൊഴിലാളികളെ അവരുടെ കുടുംബങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഇപ്പോൾ ഏർപ്പെടാം.
ആർ.കെ. നഗറിലെ എല്ലാ നല്ലവരായ ജനങ്ങളോട് ഞാൻ നന്ദി പറയുന്നു. തമിഴ് നാട്ടിലേയും ഇന്ത്യയൊട്ടാകെയും എനിക്ക് വേണ്ടി പ്രവർത്തിക്കുകയും എന്നോടൊപ്പം നിൽക്കുകയും ചെയ്ത മാധ്യമ പ്രവർത്തകർ, പൊലീസുകാർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ, എന്‍റെ ആരാധകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എല്ലാവരോടും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ഞാൻ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളും. രാഷ്ട്രീയത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് പറഞ്ഞുകൊണ്ടാണ് വിശാൽ കത്ത് അവസാനിപ്പിക്കുന്നത്.
ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിശാൽ സമർപ്പിച്ച പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയിരുന്നു. പിന്താങ്ങിയ 10 പേരിൽ രണ്ട് പേരുടെ ഒപ്പുകൾ വ്യാജമാണെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.