തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന. സിനിമ മേഖലയിലെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കുമെതിരെയാണ് ‘വിമൺ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിച്ചത്. പ്രതിനിധികൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ബീനാപോൾ, മഞ്ജുവാര്യര്‍, റീമ കല്ലിങ്കൽ, പാര്‍വതി, വിധു വിന്‍സെൻറ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
നയങ്ങളും ഭാവിപരിപാടികളും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ധരിപ്പിച്ചു. പല ഷൂട്ടിങ് സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിങ് നടക്കുന്ന സെറ്റുകള്‍കൂടി ലൈംഗിക പീഡന നിരോധന നിയമത്തിെൻറ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗിക പീഡന പരാതിപരിഹാര സെല്‍ രൂപവത്കരിക്കണം. സിനിമയുടെ സാങ്കേതികമേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ പ്രതിനിധികൾ മുഖ്യമന്ത്രിയെ അഭിനന്ദനമറിക്കുകയും ചെയ്തു.
പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ നടപടിയെടുക്കും. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതുതരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കണം. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ അടുത്തറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് സംഘടനയെന്ന് സംവിധായിക വിധുവിൻസൻറും നടി രമ്യാ നമ്പീശനും ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ ചലച്ചിത്രമേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകൾക്ക് ഭാഗമാകാം. ഒരു സംഘടനക്കും ബദലായിട്ടല്ല ഇത് രൂപവത്കരിച്ചത്. വരും ദിവസങ്ങളിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.