മേളയെ വല’യിലാക്കി കിം, മുറിവായി ദീപാമത്തേയും മാന്‍ഹോളും

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ചലച്ചിത്രമേളയില്‍ കിം കി ഡുക്കിന്‍െറ ‘വല’ക്കുള്ളിലായി മൂന്നാം ദിനം. പുരോഗമന ജനാധിപത്യത്തിന്‍െറ അറുപത്വര്‍ഷത്തിന്‍െറ ‘മാന്‍ഹോളുകള്‍’ കാണിച്ച് നവാഗത സംവിധായിക വിധു വിന്‍സെന്‍റും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മാനഭംഗങ്ങളും വര്‍ധിക്കുന്നത് അവതരിപ്പിച്ച് ദീപാമത്തേയും മുറിപ്പാടുകള്‍ തീര്‍ത്തു. മൂന്നാംദിനം ഭരണകൂടസംവിധാനത്തിന്‍െറയും പുരുഷാധികാരത്തിന്‍െറയും അധമചോദനകളെ തുറന്നുകാട്ടുന്നതായിരുന്നു.

നൂറ്റാണ്ട് പഴക്കമുള്ള തൊഴില്‍കുഴികളിലേക്ക് തള്ളിയിടപ്പെട്ട സമുദായം ഇന്നും ജനാധിപത്യഭാവനകളില്‍ അനുഭവിക്കുന്ന അയിത്തവും അധ$സ്ഥിതാവസ്ഥയുമാണ് വിധു വിന്‍സെന്‍റിന്‍െറ ‘മാന്‍ഹോള്‍’ അടയാളപ്പെടുത്തുന്നത്. യാഥാര്‍ഥ്യത്തിന്‍െറ പകര്‍ത്തിവെക്കലിലെ ജീവിതഗന്ധം മലയാളിയുടെ പുരോഗമനപൊങ്ങച്ചങ്ങളെ പൊളിച്ചുകാട്ടുന്നതാണ്. 21 വര്‍ഷത്തെ മേളയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാളിവനിത സംവിധാനം ചെയ്ത ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് ഡെലിഗേറ്റുകള്‍ അത് ആഘോഷവുമാക്കി. റിസര്‍വ് ചെയ്തവരടക്കം നൂറുകണക്കിനാളുകള്‍ക്ക് ടാഗോര്‍ തിയറ്ററില്‍ പ്രവേശിക്കാന്‍ പോലുമായില്ല.

1920കളില്‍ തമിഴ്നാട്ടില്‍ നിന്ന് കുഴികക്കൂസ് കോരാന്‍ കൂട്ടിക്കൊണ്ടുവന്ന ചക്കിളിയാര്‍ സമുദായം ഒരുനൂറ്റാണ്ടിലേക്ക് കടക്കുമ്പോഴും സമൂഹത്തില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നും നേരിടുന്ന അപമാനമാണ് ചിത്രം പറയുന്നത്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന അയ്യാസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ ശാലിനിയാണ് കേന്ദ്ര കഥാപാത്രം. സ്കൂളില്‍ തന്‍െറ ജാതിയും വീടും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ശാലിനി കോളനിക്കരികിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങാതെ കിലോമീറ്ററുകള്‍ അപ്പുറത്ത് ബസിറങ്ങി വീട്ടിലേക്ക് നടക്കുകയാണ്. നഗരത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അയ്യാസ്വാമി വിഷവാതകം ശ്വസിച്ച് മരിക്കുമ്പോള്‍ പത്രവാര്‍ത്തകളില്‍ ശാലിനിയുടെ പേരുകൂടി വരുന്നതോടെ സ്കൂളില്‍ അവളുടെ അടുത്തിരിക്കാന്‍ പോലും കുട്ടികള്‍ തയാറാകുന്നില്ല.

അപമാനത്തിലും മികച്ച മാര്‍ക്കോടെ പ്ളസ് ടു ജയിച്ച ശാലിനി എല്‍എല്‍.ബിക്ക് ചേരാന്‍ ജാതിസര്‍ട്ടിഫിക്കറ്റിനായി താലൂക്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ 1950ന് മുമ്പ് കുടിയേറിയതിന്‍െറ രേഖകള്‍ ആവശ്യപ്പെടുകയാണ് ‘56ല്‍ പിറന്ന കേരളത്തിന്‍െറ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇത്തരത്തില്‍ മരിക്കുന്ന മറ്റൊരാള്‍ക്ക് നഷ്ടപരിഹാരത്തിനായി സര്‍ക്കാറിനെ സമീപിക്കുമ്പോള്‍ ഈ ജോലി നിരോധിച്ചെന്ന വിചിത്രവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കൊല്ലം നഗരത്തിലെ പുള്ളിക്കട, കപ്പലണ്ടിമുക്ക് എന്നീ കോളനികളില്‍ താമസിക്കുന്ന ചക്കിളിയാര്‍ സമുദായത്തില്‍ നിന്നുള്ളവരും അഭിനേതാക്കളായത്തെുന്നുണ്ട്.

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ നഗരങ്ങളുടെ സ്ത്രീസമൂഹത്തോടുള്ള മനോഭാവത്തെ വെളിപ്പെടുത്തുകയാണ്  ദീപാമത്തേയുടെ ‘അനാട്ടമി ഓഫ് വയലന്‍സ്’.  നാല് മണി മുതല്‍ കിം കി ഡുക്കിന്‍െറ ഏറ്റവും പുതിയ ചിത്രമായ ‘നെറ്റ്’ കാണാന്‍ ആസ്വാദകര്‍ എത്തിയിരുന്നു. ഇരുകൊറിയകളുടെയും നിലവിലെ രാഷ്ട്രീയപശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ദേശങ്ങള്‍ സൃഷ്ടിച്ച അതിര്‍ത്തികള്‍ സാധാരണമനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നതും ദേശീയതയും രാഷ്ട്രവൈരവും ദേശവിരുദ്ധരെ കൃത്രിമമായി സൃഷ്ടിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.  ‘മാന്‍ഹോള്‍’ അടക്കം ആറ് സിനിമകളാണ് ഞായറാഴ്ച മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. എമിര്‍ കുസ്തറിക്കയുടെ ‘ഓണ്‍ ദ മില്‍ക്കി റോഡ്’ സെര്‍ബിയന്‍ ആഭ്യന്തര യുദ്ധകാലത്തെ അടക്കം മൂന്ന് ഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

Tags:    
News Summary - iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.