അനന്തപുരി ഒരുങ്ങി; രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും

സിനിമ കാണാന്‍ 13,000 പേര്‍, 185 ചിത്രങ്ങള്‍
 
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന് ആതിഥ്യമരുളാന്‍ അനന്തപുരി ഒരുങ്ങി. രജിസ്റ്റര്‍ ചെയ്ത് പാസെടുത്ത പ്രതിനിധികളടക്കം 13,000 പേരാണ് ഇക്കുറി സിനിമ കാണാനത്തെുക. 13 തിയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമുള്ള തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 6, 8, 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. ജൂറി അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇത്തവണ പ്രത്യേകം തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. 
62 രാജ്യങ്ങളില്‍നിന്ന് 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ര്ട മത്സരവിഭാഗത്തില്‍ 15 സിനിമകളും ലോക സിനിമാ വിഭാഗത്തില്‍ 81 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് മേളയിലുള്ളത്. കുടിയേറ്റമാണ് മേളയുടെ കേന്ദ്രപ്രമേയം. 
 
ഡിസംബര്‍ 9 വെള്ളി വൈകീട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും. എം.പിമാരായ ഡോ. ശശിതരൂര്‍, സുരേഷ് ഗോപി, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയാണ്. വിഖ്യാത ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്‍്റ് അവാര്‍ഡ് സമ്മാനിക്കും. 
അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിങ് ആണ് ഉദ്ഘാടന ചിത്രം. നവീദ് മഹ്മൗദിയുടെ കന്നി ചിത്രമായ ‘പാര്‍ട്ടിങി’ന്‍്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്.
മൈഗ്രേഷന്‍ വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമാകുന്ന ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗവും മേളയില്‍ ഉള്‍പ്പെടുന്നു. പ്രശസ്ത സംവിധായകന്‍ കെന്‍ ലോച്ചിന്‍്റെ ചിത്രങ്ങള്‍ സ്മൃതിപരമ്പര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 
 
കസാഖിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മിയ ഹസന്‍ ലൗ സംവിധാനം ചെയ്ത സിനിമകള്‍ സമകാലിക  സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗ് ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള 6 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമി, പോളിഷ് സംവിധായകനായ ആന്ദ്രേവൈദ, മലയാള സിനിമാസംവിധായകരായ രാജേഷ്പിള്ള (ട്രാഫിക്), ശശിശങ്കര്‍ (നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ. റസാഖ് (പെരുമഴക്കാലം), എ. ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പ്പന (തനിച്ചല്ല ഞാന്‍) നടന്‍ കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോള്‍, പണി തീരാത്ത വീട് തുടങ്ങിയ 5 ചിത്രങ്ങള്‍ മലയാളം സ്മൃതിപരമ്പര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ഇന്‍സ്റ്റലേഷന്‍ ടാഗോര്‍ തീയേറ്ററില്‍ താരങ്ങളായ ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 
 
ഇറാനിയന്‍ സംവിധായകനായ മൊഹ്സിന്‍ മക്ബല്‍ ബഫ് സംവിധാനം ചെയ്ത ‘ദ നൈറ്റ്സ് ഓഫ് സയന്‍ദേറൂഡ്’ എന്ന ചിത്രത്തിന്‍്റെ പ്രത്യേക പ്രദര്‍ശനവും ഉള്‍പെടുത്തിയിട്ടുണ്ട്. 
മൂന്ന് വിഭാഗങ്ങളിലായി അന്താരാഷ്ര്ട ജൂറിയെ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ര്ട മത്സരവിഭാഗം, നെറ്റ്പാക്, ഫിപ്രസ്സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. ചലച്ചിത്രോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും മികച്ച തീയേറ്ററിനും പുരസ്കാരങ്ങള്‍ നല്‍കും.
 
മേളയുടെ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ആര്‍ മോഹനന്‍, സിബി മലയില്‍, വി.കെ. ജോസഫ്,  സജിതാ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    
News Summary - IFFK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.