‘സൂക്ഷ്മ ഭാവങ്ങൾ കൊണ്ട് മമ്മൂട്ടി നടന വിസ്മയം തീർക്കുന്നു’

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘പേരൻപ്’​ എന്ന തമിഴ്​ചിത്രത്തി​​​​െൻറ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചത്. ചിത്രം ഗംഭീരമാകുമെന്ന് ടീസർ കണ്ടവരെല്ലാം അടിവരയിടുക‍യും ചെയ്തു. ടീസറിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായിരിക്കുകയാണ്. 

രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങൾ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങൾ കൊണ്ടും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നുവെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. 

തലമുടി മുതൽ കാലിലെ വിരലുകൾ വരെ തന്‍റെ കൂടെ സൂക്ഷ്മാഭിനയം തീർക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടൻമാരിൽ ഒന്നാമനാണ് മമ്മൂട്ടി. നടത്തത്തിലെ അതി സൂക്ഷ്മ ചലനങ്ങൾ കൊണ്ടാണ് അമരത്തിലും ഉദ്യാനപാലകനിലും അതിശയിപ്പിച്ചതെങ്കിൽ ഭൂതകണ്ണാടിയിൽ നോട്ടം കൊണ്ടാണ് അദ്ദേഹം ഭാവ പ്രപഞ്ചം തീർത്തത്. ശരീര സൗന്ദര്യത്തോടൊപ്പം ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദ സൗകുമാര്യത്തെ ഇത്രയും മനോഹരമായി മോഡുലേറ്റ് ചെയ്ത് അവതരിപ്പിക്കുവാൻ മമ്മൂട്ടിക്കുള്ള സിദ്ധി അതുല്യമാണ്. (തിലകനെ വിസ്മരിക്കുന്നില്ല ). ഡയലോഗ് ഡെലിവറിയിൽ ഒരു പാഠപുസ്തമാണ് മമ്മൂട്ടിയെന്നും അദ്ദേഹം കുറിച്ചു. 

ഒരു വടക്കൻ വീരഗാഥ, അമരം, യാത്ര, കാഴ്ച്ച , ന്യൂഡൽഹി, തനിയാവർത്തനം, സൂര്യമാനസം, യവനിക, മതിലുകൾ, വിധേയൻ, അംബേദ്കർ , പൊന്തൻമാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, ഭൂതകണ്ണാടി, മുന്നറിയിപ്പ് തുടങ്ങിയ (ചില ഉദാഹരണങ്ങൾ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മറ്റൊരു നടനെ സങ്കൽപ്പിക്കുക അസാധ്യമാണ്. ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നത്. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തൻമയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല.

ചെയ്തു കൂട്ടിയ കഥാപാത്രങ്ങളുടെ വൈവിധ്യം അത്ഭുതാവഹമാണ്. എന്നിട്ടും പുതിയ വേഷങ്ങൾ തേടിയും പുതിയ ശൈലികൾ അവലംബിച്ചും അഭിനയത്തോടുള്ള അതിരറ്റ പാഷൻ നിലനിർത്തുന്നത് പുതുമുഖങ്ങൾ പാo മാക്കേണ്ടതാണ്. റാം എന്ന പ്രതിഭാധനനായ സംവിധായകൻ തന്‍റെ സ്വപ്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്നില്ല എന്നു ചിന്തിക്കുകയും മമ്മൂട്ടിക്കുവേണ്ടി 10 വർഷം കാത്തിരിക്കാൻ തയാറാകായും ചെയ്തുവെങ്കിൽ അതിന്‍റെ സന്ദേശം വ്യക്തമാണ്. മലയാളിക്കും മലയാളത്തിനും അഭിമാനിക്കാവുന്ന നടന വൈഭവം തന്നെയാണ് മമ്മൂട്ടി.

Full View

പേരൻപ് അവിസ്മരണീയ അഭിനയ തികവിന്‍റെ നിരവധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു വസന്ത കാഴ്ച ആയിരിക്കും എന്നതിന് ചിത്രത്തിന്‍റെ ടീസർ മാത്രം മതി സാക്ഷ്യം. കലത്തിലെ ചോറിന്‍റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ. സ്നേഹത്തിന്‍റെ ആഗോള സന്ദേശം പേരൻപിലൂടെ പടരട്ടെ. സ്നേഹവും ദയാവായ്പും വാത്സല്യവും കരുണയുമെല്ലാം ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ മമ്മൂട്ടിയെപ്പോലെ കഴിവുള്ളവർ ചുരുക്കമാണല്ലോ. പേരൻപിനും മമ്മൂട്ടിക്കും ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും ഗീവര്‍ഗീസ് കൂറിലോസ് കുറിച്ചു. 

മമ്മൂട്ടിയോ മോഹൻലാലോ കൂടുതൽ മികച്ച നടൻ എന്ന് ചോദിച്ചാൽ കൂടുതൽ മികച്ച നടൻ മമ്മൂട്ടി തന്നെയാണെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. 

റാം ഒരുക്കുന്ന  ചിത്രത്തിൽ അമുധൻ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാർഡ്​ ജേതാവായ സാധനാ സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. യുവാൻ ശങ്കർ രാജയുടേതാണ്​ സംഗീതം. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ ട്രാൻസ്​ ജെൻഡർ അഞ്​ജലി അമീറും പ്രധാന വേഷത്തിലുണ്ട്​. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​​​െൻറ തമിഴ്​, മലയാളം പതിപ്പുകളിൽ അഭിനയിക്കും. 

Tags:    
News Summary - Geevarghese Coorilos Glorifies Mammootty in Peranbu acting-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.