അമ്മയുടെ നല്ല നടപ്പിനാണ് താന്‍ കത്തയച്ചത്; തൃപ്തികരമായ മറുപടി ലഭിച്ചു; ഗണേഷ് കുമാർ

തിരുവനന്തപുരം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ താൻ ഉന്നയിച്ച പരാതികൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്നും ഗണേഷ് കുമാർ എം.എൽ.എ. അമ്മയുടെ നല്ല നടപ്പിനാണ് താന്‍ കത്തയച്ചത്. അമ്മയുടെ പ്രസിഡന്റിനും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍ക്കുമാണ് കത്ത് നല്‍കിയത്. ഇക്കാര്യം അമ്മ വിശദമായി ചർച്ച ചെയ്തെന്നും താന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങളും പരിഹരിക്കുകയും പലതും പരിഹരിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.അതേസമയം താൻ അയച്ച കത്തു പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും സംഘടനയിലെ നെറികെട്ട അംഗങ്ങളാരോ ആണ് കത്തു പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിക്രമത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ‘അമ്മ’ പ്രമേയം പാസാക്കാത്തത് സംഘടനക്ക് അത്തരമൊരു പതിവില്ലാത്തതുകൊണ്ടാണ്. നടി ആക്രമിക്കപ്പെട്ട സംഭവമല്ല അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. സംഘടന അടയ്‌ക്കേണ്ട ആദായനികുതി സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ആക്രമണത്തിന് ഇരയായ നടിക്കു നീതി കിട്ടിയില്ലെന്ന വാദം തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ‘അമ്മ’ നേതൃത്വം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ പ്രസിഡന്‍റ് ഇന്നസെന്‍റിന് അയച്ച കത്ത് ഇന്ന് പുറത്തുവന്നിരുന്നു. നടി പീഡിപ്പിക്കപ്പെട്ടപ്പോൾ സംഘടന നിസംഗത പാലിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണ്. അന്ന് ‘അമ്മ’യുടെ നേതൃത്വം തിരശീലക്ക് പിന്നിലൊളിച്ചുവെന്നും കത്തിൽ ഗണേഷ് കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - ganesh kumar comment about his controversial letter to amma malayalam news kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.