കാക്കനാട്: നികുതി വെട്ടിക്കാൻ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ജില്ലയിലെ 60 ആഡംബര വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ നോട്ടീസ് നല്കി. കൊച്ചിയിലെ വിവിധ വാഹന ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ നൂറോളം ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. സിനിമ താരങ്ങൾ ഉള്‍പ്പെടെ പ്രമുഖരുടെ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഒരുകോടിയിലധികം വില വരുന്ന വാഹനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതി അടക്കം 14--16 ലക്ഷം വരെ നല്‍കണം. എന്നാല്‍, പുതുച്ചേരിയില്‍ ഒന്നര-രണ്ടുലക്ഷം രൂപ മതിയാകും. അതിനാല്‍ ഉടമകള്‍ വ്യാജ വിലാസം നല്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണ്ടെത്തിയത്. വര്‍ഷങ്ങളായി തുടരുന്ന നികുതി വെട്ടിപ്പ് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിച്ചതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത് വെട്ടിപ്പ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി. മൂന്നുകോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണ് കണ്ടെത്തിയത്. ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്താന്‍ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ, പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്ത തെൻറ കാറിെൻറ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് കാണിച്ച് നടൻ ഫഹദ് ഫാസിൽ മോേട്ടാർ വാഹന വകുപ്പ് അധികൃതരുടെ നോട്ടീസിന് മറുപടി നൽകി. പുതുച്ചേരിയില്‍നിന്ന് എന്‍.ഒ.സി കിട്ടിയാലുടന്‍ രജിസ്ട്രേഷന് മാറ്റും. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്കാന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ ഫഹദിെൻറ ഉള്‍പ്പെടെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
കാറിെൻറ രേഖകൾ ഹാജരാക്കാൻ സുരേഷ് ഗോപിക്ക് നിർേദശം
തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഔഡി കാറിെൻറ രേഖകള്‍ ഹാജരാക്കാന്‍ നടനും എം.പിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടു. ഇൗമാസം 13നകം വാഹനത്തിെൻറ രേഖകള്‍ നേരിട്ട് ഹാജരാക്കാനാണ് തിരുവനന്തപുരം ആർ.ടി.ഒ ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനം കേരളത്തിലെത്തിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നാണ് നിയമം. എന്നാല്‍, സുരേഷ് ഗോപി ഇതില്‍ വീഴ്ച വരുത്തി. ഇപ്പോഴും കാർ പോണ്ടിച്ചേരി രജിസ്ട്രേഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.