വീഡിയോ കോൺഫറൻസിങ് വിനയായി; ദിലീപ് സബ് ജയിലിൽ തളച്ചിടപ്പെട്ടു 

ആലുവ : വീഡിയോ കോൺഫറൻസിങ് തീരുമാനം  നടന് വിനയായി. നാട്ടിൽ പാറിപറന്ന് നടന്നിരുന്ന സൂപ്പർ സ്‌റ്റാർ രണ്ടാഴ്ചയായി ആലുവ സബ് ജയിലിലാണ്. കോടതിയിൽ ഹാജരാകാനുള്ള യാത്രകൾ മാത്രമായിരുന്നു പുറം ലോകം കാണാനുള്ള താരത്തിൻറെ ഏക ആശ്രയം. കോടതിയുടെ പുതിയ തീരുമാനത്തോടെ ദിലീപ് സബ് ജയിലിൽ തളച്ചിടപ്പെടുകയാണ്. സുരക്ഷ മുന്‍നിർത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെ വീഡിയോ കോണ്‍ഫ്രറന്‍സിങിന് അനുമതി നൽകുകയായിരുന്നു.  ചൊവ്വാഴ്ചയാണ് ദിലീപിൻറെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തെ അങ്കമാലി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ, ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിനെതിരെ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിൻറെ വിലയിരുത്തല്‍. അതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വേണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിന് അങ്കമാലി കോടതി സമ്മതം അറിയിക്കുകയായിരുന്നു. 

അതേസമയം ആലുവ സബ് ജയിലിലെ വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം പ്രവര്‍ത്തന രഹിതമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സ്‌ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഇത് നിലച്ചിരിക്കുകയാണ്. പൊലീസും ഇതിൽ വലിയ താൽപര്യം കാണിച്ചിരുന്നില്ല. അവർ പ്രതികളെ കോടതികളിലേക്ക് നേരിട്ട് കൊണ്ടുപോകലാണ് പതിവ്. 

ലാപ്‌ടോപും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമായ സ്‌കൈപ്പും ഉപയോഗിച്ച് ദിലീപിൻറെ കോടതി നടപടികള്‍ തീര്‍ക്കാനാണ് പൊലീസിൻറെ ശ്രമം. അതിനും തടസമുണ്ടായാല്‍ ദിലീപിനെ നേരിട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടി വരും. ജൂലായ് പത്തിനാണ് നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് അറസ്‌റ്റ്  ചെയ്യുന്നത്. പതിനഞ്ച് ദിവസത്തേക്ക് അങ്കമാലി മജിസ്‌ട്രേറ്റ് ദിലീപിനെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനിടെ മൂന്ന് ദിവസം ചോദ്യം ചെയ്യാനായി ദിലീപിനെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു. 

Tags:    
News Summary - dileep video conference in aluva sub jail -movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.