ചോല ഐ.എഫ്.എഫ്.കെയിൽ നിന്ന് പിൻവലിക്കുന്നു -സനൽകുമാർ ശശിധരൻ

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് തന്‍റെ ചിത്രം ചോല പിൻവലിക്കുന്നുവെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഐ. എഫ്.എഫ്.കെയിലെ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്ന് ചൂ ണ്ടിക്കാട്ടിയാണ് പ്രതിഷേധ സൂചകമായി സിനിമ പിൻവലിക്കുന്നതെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിലൂടെ ആരോപിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ചലചിത്രവിരുദ്ധതയുടെയും അധികാരഗർവിന്റെയ ും കേവലവ്യക്തിപ്രതികാരങ്ങളുടെയും കൂമ്പാരമായി Kerala State Chalachitra Academy യും IFFK-International Film Festival of Kerala യുടെ നടത്തിപ്പും മാറിയിട്ട് കുറേക്കാലമായി.

Naranipuzha Shanavas ന്റെ കരി എന്ന മനോഹരമായ ചിത്രത്തെ അവഗണിച്ച് ഇന്ന് ആ സിനിമകളുടെ സംവിധായകർ പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ചിത്രങ്ങളെ തിരുകിക്കയറ്റിയ 2015 മുതൽ ഐ എഫ് കെയും ചലച്ചിത്ര അവാർഡുകളും കലാരൂപമെന്ന രീതിയിൽ എക്കാലത്തും അടയാളപ്പെടുത്തേണ്ടുന്ന സ്വതന്ത്ര സിനിമകളുടെ കശാപ്പ്ചോരയൊഴുകുന്ന അഴുക്കുചാലാണ്. ഷെറി ഗോവിന്ദൻ ന്റെ കഖഗഘങ, Santosh Babusenan, Satish Babusenanന്മാരുടെ സുനേത്ര, സുദേവൻ പെരിങ്ങോടിന്റെ അകത്തോ പുറത്തോ, Sudeep Elamon ന്റെ സ്ലീപ്‌ലെസ്ലി യുവെഴ്സ് എന്നിങ്ങനെ നീളുന്നു കൊല്ലപ്പെട്ട ചിത്രങ്ങളുടെ പട്ടിക. കഴിഞ്ഞ മൂന്നുവർഷമായി ചലചിത്ര അക്കാദമി മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് കൊടുത്താദരിച്ച ചിത്രങ്ങൾ കണ്ടവർക്കറിയാം എന്താണ് അക്കാദമിക്ക് സംഭവിച്ചതെന്ന്. ആ ചിത്രങ്ങളുടെ സംവിധായകർക്ക് പോലും അഞ്ചുവർഷങ്ങൾക്ക് ശേഷം ആ ചിത്രങ്ങൾ അർഹതയില്ലായ്മയുടെ ഒരു കൈപ്പോടെയേ കണ്ടിരിക്കാൻ കഴിയൂ എന്നും അക്കാദമിക്ക് ചരിത്രം മാപ്പുനൽകില്ല എന്നും എനിക്കുറപ്പാണ്.

എതിർ സ്വരമുന്നയിച്ചവർക്കും പ്രതിഷേധപ്രകടനം നടത്തിയവർക്കും അന്നുമുതൽ ഇന്നുവരെ പ്രതികാരസമീപനങ്ങൾ നേരിടേണ്ടി വരുന്നു. അവാർഡുസമിതികളിലും ഐഎഫെഫ്കെ തെരെഞ്ഞെടുപ്പിലുമെല്ലാം ഒന്നുകിൽ വായില്ലാക്കുന്നിലപ്പന്മാരെയോ അല്ലെങ്കിൽ വിനീതവിധേയന്മാരെയോ അല്ലെങ്കിൽ വയസൻസിംഹഗർവുകളേയോ തിരുകിക്കയറ്റിയാണ് അക്കാദമിയിലെ തലപ്പത്തിരിക്കുന്ന മഹാന്മാരും മഹതികളും പ്രതികാരം ചെയ്യുന്നത്. ഇതിപ്പോൾ നാണംകെട്ട ഒരു സ്ഥിരം പരിപാടിയായതുകൊണ്ട് വ്യക്തിപരമായ നീക്കങ്ങൾക്കെതിരെയൊന്നും ഒരുവാക്കും പറയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു ജനാധിപത്യ സർക്കാർ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ടും മധ്യവർത്തി കമേഴ്സ്യൽ സിനിമകളെ ഉപയോഗിച്ചുകൊണ്ടും നിലനില്പിനായി പെടാപ്പാടുപെടുന്ന സ്വതന്ത്ര ചലച്ചിത്രപ്രവർത്തകരെ നശിപ്പിക്കാൻ നടത്തുന്ന ഒരു അളിഞ്ഞ സ്ഥാപനമായി ചലച്ചിത്ര അക്കാഡമിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണം.

ഈ യജ്ഞത്തിൽ അക്കാഡമിയെ സഹായിക്കാൻ അസൂയകളും, കുശുമ്പുകളും, ഗർവങ്ങളും തലക്കുപിടിച്ച ബുദ്ധിജീവിസിനിമാസമൂഹവുമുണ്ട്. ഇത് എത്രനാൾ മുന്നോട്ടുപോകുമെന്നറിയില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ് വിമർശനങ്ങളെയും വിമതശബ്ദങ്ങളെയും മനപൂർവം അവഗണിച്ചും അവഹേളിച്ചും ഒതുക്കാമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ചിന്ത. അത് എല്ലാക്കാലത്തും നടക്കില്ല. ഒരാളെയോ രണ്ടാളെയോ നിങ്ങൾക്ക് ഒതുക്കാം. ആളെണ്ണം കൂടുമ്പോൾ നിങ്ങൾക്ക് തലകുമ്പിട്ട് നിൽക്കേണ്ടിവരും. #Reform_The_IFFK

Tags:    
News Summary - Chola Called of From IFFK-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.