‘വിപ്ലവം കൂടെ പിറന്നത്’; പ്രക്ഷോഭത്തിന് പിന്തുണയുമായി താരങ്ങളും
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ആളിപ്പടരുന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായി മലയാള ചലച്ചിത്ര ത ാരങ്ങളും. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, പാർവതി തിരുവോത്ത് തുടങ്ങിയവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചത്.
വിപ്ലവം കൂടെ പിറന്നതാണെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിവിധ സർവകലാശാലകളിലെ വിദ്യാർഥി പ്രക്ഷോഭ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ലാത്തിയുമായി വരുന്ന പൊലീസുകാരുടെ മുഖത്തേക്ക് കൂസലില്ലാതെ വിരൽചൂണ്ടി പ്രതിഷേധം തീർത്ത രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനി മലപ്പുറം കൊണ്ടോട്ടി സ്വദേശി റെന്നയുടെ വൈറൽ ചിത്രത്തിന്‍റെ പെയ്ന്‍റിങ് പങ്കുവെച്ചാണ് കുഞ്ചോക്കോ ബോബൻ പിന്തുണയറിയിച്ചത്. ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒന്നിപ്പിക്കാൻ ഈ ചൂണ്ടു വിരൽ മതിയെന്നും ഭരണഘടനയോട് നീതി പുലർത്തണമെന്നും ചിത്രത്തിന് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബൻ എഴുതി.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ പൊലീസ് ഭീകരവാഴ്ചയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചാണ് പാർവതി തിരുവോത്ത് ഐക്യദാർഢ്യം അറിയിച്ചത്.
Jamia and Aligarh .. Terrorism ! #AligarhMuslimUniversity #StandWithJamia https://t.co/znhxhWMAyC
— Parvathy Thiruvothu (@parvatweets) December 16, 2019
അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കുമെന്ന് ടൊവീനോ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും, ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു.
ജാമിഅ വിദ്യാർഥികൾക്ക് പിന്തുണയുമായി ഹോളിവുഡ് താരം ജോൺ കുസാക്
ന്യൂയോർക്: പൗരത്വ നിയമത്തിനെതിരെ പൊരുതുന്ന ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രമുഖ ഹോളിവുഡ് താരം ജോൺ കുസാക്. ‘2012’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തനായ കുസാക്, ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുകളുമായാണ് സമരത്തിന് പിന്തുണയുമായെത്തിയത്.
ജാമിഅക്കുള്ളിലെ ശൗചാലയത്തിൽ കുടുങ്ങിയ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ‘സോളിഡാരിറ്റി’ (ഐക്യദാർഢ്യം) എന്ന വാചകത്തോടെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനു തൊട്ടുമുമ്പായി അരുന്ധതി റോയിയുടെ ചിത്രസഹിതമുള്ള കുറിപ്പ് പങ്കുവെച്ച് ഇങ്ങനെ കുറിച്ചു: ‘ഇന്ത്യയിലെ ഫാഷിസ്റ്റുകൾ വിദ്യാർഥികളെ പരസ്പരം ഭിന്നിപ്പിച്ച് നോട്ട് നിരോധനം വഴിയുള്ള സാമ്പത്തിക തകർച്ചയെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, തങ്ങളുടെ മുസ്ലിം സഹോദരീ സഹോദരന്മാരോടുള്ള ഐക്യദാർഢ്യവുമായി അവർ ഒന്നിച്ചു നിന്നു. എല്ലായിടത്തും ഫാസിസം ഇങ്ങിനെയാണ്, ഒന്നുകിൽ അവർ, അല്ലെങ്കിൽ നമ്മൾ’.
മറ്റൊരു ട്വീറ്റിൽ, ‘കഴിഞ്ഞ രാത്രി ഡൽഹി യുദ്ധക്കളമായെന്നാണ് റിപ്പോർട്ടുകൾ. ഫാഷിസം ഒരു തമാശയല്ല, ആ വാക്കിെൻറ ക്രൗര്യമറിഞ്ഞുതന്നെയാണ് നാം അതുപയോഗിക്കുന്നത്’ എന്നും കുറിച്ചു. കാലിഫോർണിയയിൽ മലയാളികളുൾപ്പെടെയുള്ളവർക്കൊപ്പം അദ്ദേഹം അണിനിരന്ന പ്രതിഷേധത്തിെൻറ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
നടൻ എന്നതിനു പുറമെ, ഗണിത അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ കുസാക്, ഹഫിങ്ടൺ പോസ്റ്റിൽ കോളമിസ്റ്റുമായിരുന്നു. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ രംഗത്തുവന്ന അദ്ദേഹം, 2014ൽ ഗസ്സയിലെ ഇസ്രായേൽ നരമേധത്തിനെതിരിൽ ശക്തമായ പ്രചാരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.