ന​ട​ന്‍ സ​ത്താ​ര്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: പ്രശസ്ത നടന്‍ കെ.ജെ. സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ ദേശം സി.എ. ആശുപത്രിയിലായിരുന്ന ു അന്ത്യം. കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലുവ പട ിഞ്ഞാറെ കടുങ്ങല്ലൂര്‍ വാരപ്പറമ്പില്‍ പരേതനായ ഖാദര്‍പിള്ളയുടെയും ഫാത്തിമയുടെയും 10 മക്കളില്‍ ഒരാളായി 1952 മെയ് 25 നായിരുന്നു ജനനം. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ. ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യു.സി. കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്നായിരുന്നു സിനിമ രംഗത്തേക്കുള്ള പ്രയാണം.

300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 80 ഓളം ചിത്രങ്ങളില്‍ പ്രധാന വേഷമണിഞ്ഞു. 1975ലെ ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം നിര്‍വഹിച്ച 'അനാവരണ'ത്തിലൂടെ നായകനായി അരങ്ങേറ്റം. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി.

യത്തീം ഇനിയും, പുഴയൊഴുകും പത്മതീര്‍ഥം ബീന, നീലത്താമര, സുഖത്തിന് പിന്നാലെ, ഇവിടെ കാറ്റിന് സുഗന്ധം ജിമ്മി, അധികാരം ദീപം പ്രകടനം മുത്തുച്ചിപ്പികള്‍, സത്യം, മൂര്‍ഖന്‍, ലാവ, അവതാരം, അരയന്നം, പാതിര സൂര്യന്‍, ഈ നാട്, പാഞ്ചജന്യം, വിധിച്ചതും കൊതിച്ചതും തുറന്ന ജയില്‍, മണ്ടന്‍മാര്‍ ലണ്ടനില്‍, ബെല്‍റ്റ് മത്തായി, മനസ്സറിയാതെ, പാവം ക്രൂരന്‍, രക്ഷസ്, വെള്ളം, ഒറ്റയാന്‍, കണ്ണാരം പൊത്തി പൊത്തി, ശത്രു, നായകന്‍, ചോരക്ക് ചോര, ഇത്രയും കാലം, ജന്മ ശത്രു, ആയിരം ചിറകുള്ള മോഹം, അവളറിയാതെ, മാഫിയ, ബോക്സര്‍, ഡൊമിനിക് പ്രസന്‍റേഷന്‍, ഹിറ്റ് ലിസ്റ്റ്, കലാപം, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, വജ്രം, പകല, കാഞ്ചി, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായി. മയില്‍, സൗന്ദര്യമേ വരുക വരുക എന്നീ തമിഴ് ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. 2014ല്‍ മംഗ്ളീഷാണ് അവസാന ചിത്രം. ഏഷ്യാവിഷന്‍റെ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1979ല്‍ പ്രശസ്ത സിനിമാ നടി ജയഭാരതിയെ വിവാഹം ചെയ്തു. യുവ നടന്‍ കൃഷ് ജെ. സത്താറാണ് ഏക മകന്‍. 1987ൽ ദമ്പതികൾ വേർപിരിഞ്ഞു. രോഗ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജയഭാരതിയും മകനും പല തവണ സത്താറിനെ സന്ദർശിച്ചിരുന്നു.

വീരാവുണ്ണി, വി.കെ കരീം, അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുക്കുഞ്ഞ്, അബ്ദുല്ല, കുഞ്ഞുമുഹമ്മദ്, കൊച്ചുമരക്കാര്‍, ഖദീജ, ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.​

Tags:    
News Summary - actor sathar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.