ഇത് കരിങ്കുന്നം സിക്സസ് അല്ല; വിയ്യൂര്‍ സിക്സ്റ്റീന്‍

തൃശൂര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍ മുതല്‍ പെറ്റിക്കേസ് തടവുകാര്‍ വരെയുള്ളവര്‍ ഒരു ഭാഗത്ത്. ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മറുഭാഗത്ത്. കാണികളായി ജയില്‍ ഡി.ഐ.ജി മുതല്‍ വാര്‍ഡന്‍ വരെയുള്ളവര്‍. ജയിലിനകത്ത് വോളിബാള്‍ കോര്‍ട്ട്. മത്സരം തടവുകാരും പൊലീസുകാരും തമ്മില്‍. വീറുറ്റ മത്സരത്തില്‍ തടവുകാരുടെ ടീം പൊലീസ് ടീമിനെ കീഴ്പ്പെടുത്തി. തടവുകാരെ പരിശീലിപ്പിച്ച് വോളിബാള്‍ ടീമുണ്ടാക്കുന്ന, ഈയിടെ പുറത്തിറങ്ങിയ ‘കരിങ്കുന്നം സിക്സസ്’ എന്ന സിനിമയുടെ കഥ പറഞ്ഞതാണെന്ന് കരുതേണ്ട.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതൊരു യാഥാര്‍ഥ്യമായി.  കരിങ്കുന്നം സിക്സസ് അല്ല, കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതക കേസിലടക്കം ശിക്ഷ അനുഭവിക്കുന്നവര്‍ ഉള്‍പ്പെട്ട ‘വിയ്യൂര്‍ സിക്സ്റ്റീന്‍’ ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വോളിബാള്‍ ടീം. നാലുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി തടവുകാര്‍ക്കും ഉന്നത ജയില്‍ മേധാവികള്‍ക്കും മുന്നില്‍ നടത്തിയ പ്രദര്‍ശന മത്സരത്തില്‍ ഉദ്യോഗസ്ഥരെ തടവുകാരുടെ ടീം തോല്‍പിച്ചു. തടവുകാരിലെ കളിക്കാരെ കണ്ടത്തെി വോളിബാള്‍ ടീമുണ്ടാക്കുക, അവര്‍ ജയിലിന് പുറത്തത്തെി മറ്റ് ടീമുകളെ തോല്‍പിച്ച് ചാമ്പ്യന്‍മാരാവുക; ഇതായിരുന്നു മഞ്ജു വാര്യര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച കരിങ്കുന്നം സിക്സസ് എന്ന സിനിമയുടെ കഥ. ഇത് വെറും സിനിമയില്‍ ഒതുങ്ങുന്നതല്ളെന്ന്  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വോളിബാള്‍ ടീം തെളിയിച്ചു. ജയിലിന് പുറത്തിറങ്ങി പ്രഫഷനല്‍ ടീമുകളുമായി മത്സരിക്കാന്‍ ആഭ്യന്തര വകുപ്പിന്‍െറ അനുമതി തേടിയിരിക്കുകയാണ് ‘വിയ്യൂര്‍ സിക്സ്റ്റീന്‍’.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി സംഘം അടക്കം 16 തടവുകാരാണ് ടീമിലുള്ളത്. ജയിലിനകത്ത് ഫുട്ബാള്‍ അടക്കം വിവിധ കളികളുണ്ടെങ്കിലും കഴിവുള്ളവരെ കണ്ടത്തെി ടീം ഉണ്ടാക്കുകയെന്ന ആശയം മുന്‍ ഇന്ത്യന്‍ താരവും ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ്) ടീം അംഗവുമായ കോഴിക്കോട് സ്വദേശി കിഷോര്‍ കുമാറാണ് മുന്നോട്ടുവെച്ചത്. രണ്ടുവര്‍ഷം മുമ്പ് ഇക്കാര്യം സൂചിപ്പിച്ച് കിഷോര്‍ കുമാര്‍ ആഭ്യന്തര വകുപ്പിന് കത്തയച്ചെങ്കിലും നിരസിച്ചു. പിന്മാറാതെ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ അനുമതിയായി.

ജയിലിനകത്ത് കളിക്കാവുന്ന മത്സരമെന്ന നിലയില്‍ ഉദ്യോഗസ്ഥരും തടവുകാരെ പ്രോത്സാഹിപ്പിച്ചു.നാലുമാസത്തെ പരിശീലനത്തില്‍ കൊടും കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ടവര്‍ കുട്ടികളെ പോലെ അനുസരണക്കും കഠിന പ്രയത്നത്തിനും വ്യായാമത്തിനും വഴങ്ങി. പരിമിതികളെ പരിശ്രമങ്ങളിലൂടെ അതിജീവിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സമയം നോക്കാതെ പരിശീലനം. പ്രദര്‍ശന മത്സരത്തില്‍ തടവുകാരുടെ ടീമിന് ജയവും. കരുത്തുള്ള ടീമിനെ വാര്‍ത്തെടുക്കുക എന്നതിലപ്പുറം കുറ്റവാളികളുടെ സ്വഭാവത്തില്‍ സൃഷ്ടിക്കാവുന്ന മാറ്റത്തിലാണ് ജയിലധികൃതരുടെ പ്രതീക്ഷ. ഭക്ഷണ നിര്‍മാണവും കൃഷിയും മാത്രമല്ല, ഇനി ജയിലിലെ കളിയും കാണാനിരിക്കുന്നതേയുള്ളൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.