കൊച്ചി: ‘കാറ്റും മഴയും’ എന്ന സിനിമയിലൂടെ മികച്ച കഥക്കുള്ള അവാര്‍ഡ് സംവിധായകന്‍ ഹരികുമാറിനാണെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ അതിന്‍െറ യഥാര്‍ഥ കഥാകൃത്ത് നജീം കോയയുടെ ഉള്ളാണ് പിടഞ്ഞത്. ‘ഫെഫ്ക്ക’ ഭാരവാഹികളില്‍ ഈ പ്രഖ്യാപനം ഞെട്ടലും കടുത്ത പ്രതിഷേധവുമുണ്ടാക്കി. അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെയും തന്‍െറ കഥ ഹരികുമാര്‍ അടിച്ചുമാറ്റിയെന്ന് ആരോപിച്ചും ആലപ്പുഴക്കാരനായ നജീം കോയ ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇന്നോ നാളെയോ ഹരജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹരികുമാറിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നതാണെന്നും തന്നോട് എഴുതിക്കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതാണെന്നും നജീം പറഞ്ഞു. 2013ല്‍ ‘ഫ്രൈഡേ’ റിലീസ് ചെയ്ത ഉടനെയാണ് സംഭവം. ‘ഫ്രൈഡേ’ മത്സരത്തിന് അയക്കാനുള്ള സഹായം തേടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ‘ഫ്രൈഡേ’ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്‍െറ അടുത്ത സിനിമക്ക് കഥ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു- നജീം പറഞ്ഞു. താന്‍ പറഞ്ഞ കഥയാണ് ‘കാറ്റും മഴയും’ എന്ന സിനിമ. ഉടന്‍ കഥ എഴുതിക്കൊടുക്കണമെന്ന് ഹരികുമാര്‍ ആവശ്യപ്പെട്ടു. വേറെ സിനിമയുടെ ജോലിയുണ്ടായിരുന്നതിനാല്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് താന്‍ പറഞ്ഞു.
പിന്നീട് കേട്ടത് സന്തോഷ് എച്ചിക്കാനം ഹരികുമാറിനുവേണ്ടി തിരക്കഥ എഴുതുന്നുവെന്നാണ്. താന്‍ അന്വേഷിച്ചപ്പോള്‍ അത് തന്‍െറ കഥയാണെന്ന് ബോധ്യമായി. അതോടെ താന്‍ ഫെഫ്ക്കക്ക് പരാതി നല്‍കി. ഈ കഥ സിനിമാ രംഗത്തുള്ള ചില സുഹൃത്തുക്കളെ നേരത്തേ കേള്‍പ്പിച്ചിരുന്നു. അവരും തനിക്ക് സാക്ഷികളായി. തുടര്‍ന്ന് സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അടങ്ങുന്ന ഫെഫ്ക്ക ഭാരവാഹികള്‍ തന്നെയും ഹരികുമാറിനെയും വിളിച്ചു വരുത്തി അന്വേഷിച്ചു. താന്‍ പറയുന്നത് സത്യമാണെന്ന് ഫെഫ്ക്ക ഭാരവാഹികള്‍ക്ക് ബോധ്യമായി. തുടര്‍ന്ന് കഥയുടെ അവകാശം തനിക്കാണെന്നും സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ തന്‍െറ പേര് ഉള്‍പ്പെടുത്തുമെന്നും ഹരികുമാര്‍ ഫെഫ്ക്കക്ക് എഴുതിക്കൊടുത്തു. തനിക്ക് 25,000 രൂപ പ്രതിഫലം നല്‍കുമെന്നും രേഖാമൂലം ഉറപ്പു നല്‍കി. എന്നാല്‍, അതൊന്നും പാലിച്ചില്ല-നജീം പറഞ്ഞു. നജീം പറഞ്ഞതാണ് സത്യമെന്ന് ‘ഫെഫ്ക്ക’ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും സ്ക്രിപ്റ്റ് റൈറ്റേഴ്സ് യൂനിയന്‍ സെക്രട്ടറി എ.കെ. സാജനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.