അപ്രതീക്ഷിത അവാര്‍ഡ് തിളക്കത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്‍െറ ആവേശത്തിലും ആഹ്ളാദത്തിലുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. അതും അപ്രതീക്ഷിതമായി ലഭിച്ചതിന്‍െറ ത്രില്ലും യുവനടന്‍െറ വാക്കുകളില്‍ പ്രകടം. ജയസൂര്യ (സു, സു, സുധി വാത്മീകം), മമ്മൂട്ടി (പത്തേമാരി), പൃഥ്വീരാജ് (എന്ന് നിന്‍െറ മൊയ്തീന്‍) എന്നിവരുടെ പേരുകളായിരുന്നു അവാര്‍ഡ് പ്രഖ്യാപനത്തിന്‍െറ അവസാനം വരെ ഉയര്‍ന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ദുല്‍ഖറിന് നറുക്കുവീണത് സിനിമാലോകത്തെ ആശ്ചര്യപ്പെടുത്തി. 
‘ചാര്‍ലി’യിലെ കഥാപാത്രത്തെ ദുല്‍ഖര്‍ അറിഞ്ഞ് അഭിനയിച്ചു. അവാര്‍ഡ് താന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ളെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും യുവനടന്‍ പറഞ്ഞു. 
‘ചാര്‍ലി തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. അതിന്‍െറ തുടക്കം മുതല്‍ താനുണ്ട്. ‘ചാര്‍ലി’യുടേത് ടീം പ്രവര്‍ത്തനമായിരുന്നു. അതിന്‍െറ എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. അവാര്‍ഡ് ലഭിച്ചപ്പോള്‍ കല്‍പന ചേച്ചി ഇല്ലാതെപോയി. അവരുണ്ടായിരുന്നെങ്കില്‍ ഏറ്റവുമധികം സന്തോഷിച്ചേനെ -ദുല്‍ഖര്‍ ദു:ഖത്തോടെ പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനം വരുമ്പോള്‍ പനമ്പിള്ളി നഗറിലെ വീട്ടില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. തനിക്ക് സ്നേഹ ചുംബനം നല്‍കിയാണ് വാപ്പിച്ചി അവാര്‍ഡ് വാര്‍ത്തയില്‍ പ്രതികരിച്ചതെന്നും വാപ്പിച്ചിക്ക് അവാര്‍ഡ് കിട്ടാന്‍ പ്രാര്‍ഥിച്ചിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. 
അതേസമയം, ‘സു, സു, സുധി വാത്മീകം’ സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇങ്ങനെയെങ്കിലും തന്നെ പരിഗണിച്ചല്ളോ എന്നും നടന്‍ ജയസൂര്യ പറഞ്ഞു. താന്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ക്കുവേണ്ടി അഭിനയിക്കുന്ന ആളല്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്നേ ആഗ്രഹമുള്ളൂ. 2015ലെ തന്‍െറ എല്ലാ കഥാപാത്രങ്ങളും വെല്ലുവിളി ഉയര്‍ത്തിയവയായിരുന്നെന്നും ജയസൂര്യ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.