‘അമ്മ’ സഞ്ചരിക്കുന്ന കാന്‍സര്‍ നിര്‍ണയക്യാമ്പ് തുടങ്ങുന്നു

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനായ അമ്മയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന കാന്‍സര്‍ നിര്‍ണയക്യാമ്പ് തുടങ്ങുമെന്ന് പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി. എല്ലാ സജ്ജീകരണങ്ങളുമുള്ള വാഹനങ്ങള്‍ ഇതിന് നിരത്തിലിറക്കും. ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധരടങ്ങുന്ന സഞ്ചരിക്കുന്ന രോഗനിര്‍ണയ ക്യാമ്പാണ് അവരുടെ കൂടി സഹകരണത്തോടെ തുടങ്ങുക. ഗ്രാമീണമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാമ്പ് വാഹനം നാലുമാസത്തിനകം നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. മാമോഗ്രാം യൂനിറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ വാഹനത്തില്‍ ഉണ്ടാകും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലുള്ളവ പ്രാരംഭഘട്ടത്തില്‍ കണ്ടത്തെുകയാണ് ഉദ്യമത്തിന്‍െറ ലക്ഷ്യമെന്നും ഇന്നസെന്‍റ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് അമ്മയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ കക്ഷികളായിരുന്ന ജഗദീഷും സലിംകുമാറും യോഗത്തിന് എത്തിയില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ യോഗമായിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ളെന്ന് ഇന്നസെന്‍റ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമ്മയില്‍ തര്‍ക്കങ്ങളുണ്ടെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. സലിംകുമാര്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കില്ളെന്ന് അറിയിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന്‍െറ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. ജഗദീഷ് എത്താതിരുന്നത് സ്വകാര്യകാരണങ്ങളെ തുടര്‍ന്നാണെന്നും തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ളെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ 22ാമത് ജനറല്‍ ബോഡി യോഗമാണ് കൊച്ചിയില്‍ നടന്നത്. രോഗബാധിതരായ അമ്മയിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന ചികിത്സാസഹായം ഒരുലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമാക്കി വര്‍ധിപ്പിച്ചു. അമ്മയില്‍ അംഗങ്ങളായ 112 പേര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നുണ്ട്. മലയാള അക്ഷരങ്ങളെ ആസ്പദമാക്കി അമ്മയുടെ നേതൃത്വത്തില്‍ അക്ഷരവീട് എന്ന പേരില്‍ 52 വീടുകള്‍ പണിതുനല്‍കും. ആര്‍ക്കിടെക്റ്റ് ജി. ശങ്കറാണ് വീടുകളുടെ രൂപകല്‍പന നിര്‍വഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കാണ് വീട് വെച്ചുകൊടുക്കുന്നതെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, നിവിന്‍ പോളി, ഇടവേള ബാബു, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.