വിടപറഞ്ഞത് അഭിനയവേദിയിലെ നിറസാന്നിധ്യം


ചവറ: സിനിമ-നാടകാഭിനയരംഗത്ത് വ്യത്യസ്തശൈലി കൊണ്ട് ജനശ്രദ്ധ നേടിയ നടനാണ് കൊല്ലം ജി.കെ. പിള്ള. നാല് പതിറ്റാണ്ടുകാലം നാടക-സിനിമാരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ജി.കെ മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെയാണ് പ്രേക്ഷകമനസ്സുകളിലത്തെിച്ചത്. 1950ല്‍ ഫോര്‍ത്ത്ഫോമില്‍ പഠിക്കവെ സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ഹാസ്യനടനാണ് പിന്നീട് വളര്‍ന്ന് പ്രേക്ഷകലക്ഷങ്ങള്‍ക്ക് മറക്കാനാവാത്ത നടനായിത്തീര്‍ന്നത്.
 പ്രഫഷനല്‍ നാടകരംഗത്തേക്കത്തെിയത് 1961ലാണ്. ഹാസ്യകഥാപാത്രങ്ങളായിരുന്നു മിക്കതും. കൊല്ലം യൂനിവേഴ്സല്‍ തിയറ്റേഴ്സ്, കബീര്‍ദാസിന്‍െറ കൊല്ലം ദൃശ്യകല, കെ.കെ. മണികണ്ഠന്‍നായരുടെ കൊല്ലം ഐശ്വര്യ തിയറ്റേഴ്സ്, ആറ്റിങ്ങല്‍ ദേശാഭിമാനി, കൊല്ലം മമത തുടങ്ങി പ്രമുഖ നാടകസംഘങ്ങളിലെല്ലാം കൊല്ലം ജി.കെ. പിള്ള ചിരിയുടെ പൂത്തിരി കത്തിച്ചിട്ടുണ്ട്.
സന്ദര്‍ഭോചിതമായി നര്‍മം കണ്ടറിഞ്ഞ് അഭിനയിക്കുന്ന കലാകാരന്മാരില്‍ ചുരുക്കം പേരിലൊരാളായിരുന്നു അദ്ദേഹം.1934 ആഗസ്റ്റ് 29ന് അശ്വതി നാളില്‍ കൊല്ലം കൈക്കുളങ്ങര മദാമത്തോപ്പില്‍ കെ. ഗോപാലപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും ഏക മകനായാണ് ജി. കൃഷ്ണപിള്ള എന്ന ജി.കെ ജനിച്ചത്.
കൊല്ലം ഗവ. ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സിയും കന്‍േറാണ്‍മെന്‍റ് ബേസിക് ട്രെയ്നിങ് സെന്‍ററില്‍നിന്ന് ടി.ടി.സിയും പാസായി. 1961 മേയ് 27ന് കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ച ജി.കെ. പിള്ള 28 വര്‍ഷത്തെ സര്‍വിസിനിടയിലും നാടകത്തെ മാറോടുചേര്‍ത്തു. 1963 മേയ് 29ന് പന്മന മേക്കാട് പുത്താഴ്ത്തുമഠത്തില്‍ പി.എസ്. മാധവിക്കുട്ടിയെ വിവാഹംചെയ്തു.
 ജയശ്രീ, ഉഷ, വിജയശ്രീ, ബിന്ദുശ്രീ എന്നിവരാണ് മക്കള്‍. 1965 മുതലാണ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഇത്തിക്കരപക്കി, ചന്ദ്രഹാസന്‍, ആലിലക്കുരുവി, അറബിക്കടലോരം, മോഹന്‍ലാലിനൊപ്പം സ്വന്തമെവിടെ ബന്ധമെവിടെ, വിനയന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം റസിയ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷം ചെയ്തു.
നിലവിളക്ക് എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് കാഴ്ചക്കുറവിനത്തെുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
തുമ്പ സ്പാര്‍ക്ക്, നൂറനാട് കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികളുടെ പുരസ്കാരം, തിരുവനന്തപുരം ആക്ട്, സെവന്‍ ആഡ്സിന്‍െറ നാടകാചാര്യന്‍ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നീതിപീഠം(1962), സര്‍പ്പസത്രം (1964), രാജദൂത്(1970), അശോകവനം(1971), ആയിരം അരക്കില്ലങ്ങള്‍(1962) എന്നീ നാടകങ്ങള്‍ക്കും ഇദ്ദേഹത്തെത്തേടി അംഗീകാരമത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.