ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് -മോഹൻലാൽ

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിവാദത്തില്‍ വിമര്‍ശവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെ  മോഹൻലാൽ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗിൽ പറയുന്നു. തന്‍റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തികെട്ട രീതിയിൽ തല്ലുകൂടുന്നുവെന്നും ലാൽ പറയുന്നു.

മകരമാസത്തിൽ മഞ്ഞിറങ്ങിയാൽ പത്ത് മണിവരെ കമ്പിളിയിൽ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മൾ. പല്ലുതേക്കാൻ മുതൽ കുളിക്കാൻ വരെ ചൂടുവെള്ളം ഉണ്ട്. അതിനുശേഷമാണ് നാം സർവ്വകലാശാലകളിലും ഒാഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചർച്ചകൾ നടത്തുന്നത് സമരങ്ങൾ സംഘടിപ്പിക്കുന്നത്, കല്ലെറിയുന്നത് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്, രാജ്യ ദ്രോഹികളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ആളുകളായി ചിത്രീകരിക്കുന്നത്​.

കുട്ടികളെ അയക്കേണ്ടത് സംസ്‌ക്കാരത്തിന്‍റെ സര്‍വകലാശാലകളിലേക്കായിരിക്കണമെന്നും അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കുമെന്നും പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കുമെന്നും മോഹൻലാൽ പറയുന്നു.

വയറുനിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ചിട്ട് മതിമറന്ന് ഉറങ്ങും. എന്നാൽ അപ്പോഴെല്ലാം അങ്ങ് മുകളിൽ സ്വന്തം ഉടൽ മൂടിപ്പൊതിഞ്ഞ്, കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകർമ്മങ്ങൾ ചെയ്യാൻ പോലും സാധിക്കാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തതയിൽ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നിൽക്കുന്നുണ്ട്. ഒരോ ദിവസങ്ങളിലും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തിൽ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്രത്തിന്റേയും ആവിഷ്കാര സ്വാതന്ത്ര്യ ചർച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോയെന്നും ലാൽ ചോദിക്കുന്നു.

നാം നമ്മുടെ മക്കള്‍ക്ക് ഇന്ത്യ എന്ന അത്ഭുതത്തെക്കുറിച്ചും അതിന്റെ സംസ്‌ക്കാരത്തെപ്പറ്റിയും പറഞ്ഞു കൊടുക്കാത്തത് എന്ത് കൊണ്ടാണന്നും ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം എങ്കിലും വായിക്കാന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കുന്ന മോഹന്‍ ലാല്‍ അത് ചെയ്താല്‍ മാത്രം മതി ഒരു മകനും മകളും ഇവിടെ ജീവിച്ചുകൊണ്ട് ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കില്ല എന്നും പറയുന്നു.

ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ..ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം. എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഹൻലാലിന്‍റെ ബ്ലോഗ്

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.