അവന്‍െറ കൃഷ്ണമണികളില്‍ മഴ തൊടുമ്പോള്‍

കര്‍ക്കടകം എനിക്ക് മഴയുടേത് മാത്രമല്ല, മരണത്തിന്‍െറകൂടിയാണ്. ഭരതേട്ടന്‍ മുതല്‍ പെരുമഴയുടെ വിരലുംപിടിച്ച് മരണത്തോടൊപ്പം ഇറങ്ങിപ്പോയ പ്രിയപ്പെട്ടവരുടെ എണ്ണം കൂടിക്കൂടി വരുന്നു. പരിചയപ്പെട്ടശേഷം നിരന്തരം തുടരുന്ന ഉറ്റ സൗഹൃദത്തെയായിരുന്നു ഈ കര്‍ക്കടകം മരണത്തിലേക്ക് അടര്‍ത്തിയിട്ടത്. റസാഖ്, സ്നേഹത്തിന്‍െറ പെരുമഴപോലെ ജീവിതത്തില്‍ ഒരുപാടുകാലം കൂടെനിന്ന് പെയ്തവന്‍. അകത്ത് നോവുമ്പോഴും കൂടെയുള്ളവരെ ചിരിപ്പിക്കുന്ന നര്‍മവുമായി ഇനി അയാളെന്നെ തേടിവരില്ല. വിശ്വസിക്കാനാവുന്നേയില്ല, റസാഖ് ഭൂമിയിലില്ളെന്ന്. അവസാന കാഴ്ചയായിരിക്കുമെന്ന് വിചാരിച്ചിരുന്നേയില്ല കഴിഞ്ഞയാഴ്ച അമൃത ആശുപത്രിയില്‍നിന്ന് റസാഖിനെ കണ്ടുപിരിയുമ്പോള്‍. അയാള്‍ക്ക് അറിയാമായിരുന്നു രോഗത്തിന്‍െറ കാഠിന്യവും ക്രൂരതയും. എന്നിട്ടും ചുറ്റുമിരിക്കുന്നവരോട് ആശുപത്രിക്കിടക്കയില്‍നിന്ന് അയാള്‍ തമാശ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.

ബാധ്യതകളുടെയും ആവലാതികളുടെയും അസ്വസ്ഥതകള്‍ക്കിടയിലാണ് കിടക്കുന്നതെന്ന് റസാഖ് ആരെയും ഓര്‍മിപ്പിച്ചില്ല. ആശുപത്രിയില്‍നിന്ന് എന്നോട് പറഞ്ഞു: ‘‘എന്‍െറ കരളിന്‍െറ സുന്നത്ത് കഴിച്ച് ഞാന്‍ വേഗം തിരിച്ചുവരാം.’’ ആവലാതികള്‍കൊണ്ട് നെഞ്ചിന്‍കൂട് കടയുമ്പോഴും ഒന്നും പുറത്തുകാട്ടാതെ അയാള്‍ തമാശകൊണ്ട് സ്വയം മറച്ചുപിടിച്ചു. റസാഖിന് അസുഖത്തെ കുറിച്ച് നന്നായറിയാമെങ്കിലും ജീവിതം തിരിച്ചുപിടിക്കാമെന്ന ഉത്തമവിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സുഹൃത്തുക്കളായ ഞങ്ങളിലുമുണ്ടായിരുന്നു. ചികിത്സ തുടങ്ങിയ കാലംമുതല്‍ റസാഖ് എല്ലാ രോഗവിവരങ്ങളും എന്നോട് പറയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു മരണത്തെ ഉള്‍ക്കൊള്ളാനും സഹിക്കാനുമാവാത്തത്. വ്യക്തിപരമായ എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുന്നവരായതുകൊണ്ട് റസാഖ് താണ്ടിവന്ന അനുഭവങ്ങളുടെ ശക്തി ഈ രോഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ അയാള്‍ക്ക് സഹായകമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അതുകൊണ്ടാണ്...അതുകൊണ്ടാണ്... റസാഖ്, നിങ്ങളുടെ ഖബറില്‍ മണ്ണിട്ടുപോന്നിട്ടും നിങ്ങള്‍ മരിച്ചിരിക്കുന്നുവെന്ന്, നിങ്ങളിനി എന്നെ വിളിക്കില്ളെന്ന് എനിക്കെന്നെ വിശ്വസിപ്പിക്കാനാവാത്തത്.

‘വിഷ്ണുലോകം’ എന്ന സിനിമക്കായി നിര്‍മാതാവ് സുരേഷ് കുമാറിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. മുടിയൊക്കെ വളര്‍ത്തി അരാജകജീവിതം നയിക്കുന്ന അവസ്ഥയില്‍നിന്ന് എന്‍െറയടുത്തുവന്നപ്പോള്‍ റസാഖ് ആകെ മാറിയിരുന്നു. ഏറ്റവുമിഷ്ടപ്പെട്ട ബാപ്പയുടെ മരണം റസാഖിന് സങ്കടങ്ങള്‍ മാത്രമല്ല, കുടുംബബാധ്യതയുടെ സമ്മര്‍ദങ്ങള്‍കൂടിയേല്‍പിച്ചു. ബാപ്പയായിരുന്നു റസാഖിന്‍െറ മാതൃക; കലയിലേക്കുള്ള വഴിയും. ബാപ്പയുടെ മരണശേഷം കെ.എസ്.ആര്‍.ടി.സിയിലെ ബാപ്പയുടെ ജോലി റസാഖിന് കിട്ടി. സിനിമയില്‍ സജീവമാകുംവരെ റസാഖ് ഈ ജോലി തുടര്‍ന്നു. സംഘടനാപ്രവര്‍ത്തനങ്ങളിലും കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ റസാഖിന്‍െറ സാന്നിധ്യം സഹപ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജമായിരുന്നു. ‘വിഷ്ണുലോകവും’ ‘ഗസലും’ ‘രാപ്പകലും’ ‘പെരുമഴക്കാല’വുമൊക്കെ സാധാരണക്കാരുടെ തനത് ജീവിതത്തിന്‍െറ പ്രതിബിംബങ്ങളായത് അവര്‍ക്കിടയില്‍നിന്നൊരാളാണ് അത് എഴുതിയത് എന്നതുകൊണ്ടുമാണ്.

ബാക്കി ഭാഗം തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.