ദൃശ്യങ്ങള്‍ പരിശോധിക്കാതെ ഹാര്‍ഡ് ഡിസ്ക് വാങ്ങില്ലെന്ന് ‘ദൈവം സാക്ഷി’യുടെ സംവിധായകന്‍

തൃശൂര്‍: ഷൂട്ടിങ് സമയത്ത് വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടാക്കിയ ‘ദൈവം സാക്ഷി’ സിനിമയുടെ ഹാര്‍ഡ് ഡിസ്ക് കോടതിയില്‍. ദൃശ്യങ്ങള്‍ പരിശോധിക്കാതെ ഹാര്‍ഡ് ഡിസ്ക് വേണ്ടെന്ന് സംവിധായകന്‍.ഷൂട്ടിങ്ങിനിടെ വസ്ത്രം വലിച്ചുകീറിയെന്നുകാണിച്ച് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്കെതിരെ നടി രേഖാമേനോന്‍ നല്‍കിയ കേസിന് പിന്നാലെയാണ് സിനിമയുടെ ഹാര്‍ഡ് ഡിസ്കും കോടതിയിലത്തെിയിരിക്കുന്നത്. എസ്ക്വയര്‍ ഫിലിംസിന്‍െറ ബാനറില്‍ സ്നേഹജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ദൈവം സാക്ഷി’.  

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഹാര്‍ഡ് ഡിസ്ക് എഡിറ്റിങ്ങിനും മറ്റുമായി ഒൗട്ട്ഡോര്‍ വര്‍ക്കുകള്‍ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോയില്‍ ഏല്‍പിച്ചതാണ്. എന്നാല്‍, പിന്നീട് ഇത് പരിശോധിച്ചപ്പോള്‍ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയതായി കണ്ടത്തെി. തുടര്‍ന്ന് നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയോട്, നശിപ്പിച്ച ഭാഗങ്ങള്‍ തിരികെ വേണമെന്നും  ബാക്കി ജോലി മറ്റെവിടെയെങ്കിലും ചെയ്യിച്ചോളാമെന്നും പറഞ്ഞു.


തുടര്‍ന്ന് സ്റ്റുഡിയോ ഉടമ പറഞ്ഞത് പ്രകാരം സംവിധായകന്‍ സ്റ്റുഡിയോയില്‍ എത്തി ഡിസ്ക് വാങ്ങിയത്രേ. എന്നാല്‍, ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കും മുമ്പേ സംവിധായകനെതിരെ സ്റ്റുഡിയോ ഉടമ പൊലീസില്‍ പരാതി നല്‍കി.സംവിധായകനും കൂട്ടരും സ്റ്റുഡിയോ ആക്രമിച്ച് ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് സംവിധായകനെ അറസ്റ്റ് ചെയ്യുകയും ഹാര്‍ഡ് ഡിസ്ക് വാങ്ങിവെക്കുകയും ചെയ്തു.

ഡിസ്ക് നശിപ്പിക്കാനുള്ള ഇവരുടെ ശ്രമം കോടതി ഇടപെട്ട് തടയുകയും അത് സംവിധായകന്  തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇതിലെ പ്രധാനഭാഗങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍, മറ്റേതെങ്കിലും സ്റ്റുഡിയോയില്‍ കോടതിയുടെ ഉത്തരവാദിത്തത്തില്‍ പരിശോധിച്ച ശേഷമേ അത് സ്വീകരിക്കൂ എന്ന നിലപാടിലാണ്  സംവിധായകന്‍. ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ പൊലീസിനും സ്റ്റുഡിയോ ഉടമക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്നേഹജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.