തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷരീഫ് അന്തരിച്ചു

ആലപ്പുഴ: മലയാള സിനിമയെ ചലനാത്മകമാക്കിയ ഒരു കാലഘട്ടത്തിന്‍െറ തിരക്കഥാകൃത്തും നോവലിസ്റ്റുമായ ആലപ്പി ഷെരീഫ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. 1970-’80കളില്‍ മലയാള സിനിമ തിരക്കഥക്ക് കുടുംബപരവും സാമൂഹികപരവുമായ കഥകളിലൂടെ ജീവന്‍ നല്‍കിയ ഷെരീഫ് അക്കാലത്തെ ന്യൂജനറേഷന്‍ സിനിമകളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു.

ആലപ്പുഴയിലെ കൊപ്രാക്കട തറവാട്ടില്‍ ഹമീദ് ബാവയുടെയും റഹ്മാബീവിയുടെയും ഏഴ് മക്കളില്‍ മൂത്തമകനായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ കഥാരചനയില്‍ വ്യാപൃതനായി. നാടക നടനായും വേഷമിട്ടു. ‘മുക്കുമാല’ ആദ്യ ചെറുകഥ. പില്‍ക്കാലത്ത് സിനിമ രൂപമായ നിരവധി തിരക്കഥകള്‍ അദ്ദേഹത്തിന്‍െറ ചെറുകഥകളില്‍നിന്ന് രൂപംപ്രാപിച്ചവയായിരുന്നു. 70ലേറെ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ ഷെരീഫ്, സംവിധായകന്‍ ഐ.വി. ശശിയുമായുള്ള കൂട്ടുകെട്ടിലൂടെ അഭ്രപാളികളില്‍ കുറിച്ച ഡസനിലേറെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികകല്ലുകളായി. എ.ബി. രാജ്, പി.ജി. വിശ്വംഭരന്‍, ജേസി തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടിയും ഷെരീഫ് തിരക്കഥ രചിച്ചിട്ടുണ്ട്. നിറങ്ങള്‍, നിറങ്ങളുടെ സംഗീതം തുടങ്ങിയ നോവലുകളും ഏഴുതി.

എ.ബി. രാജ് സംവിധാനം ചെയ്ത കളിപ്പാവ, നടി വിജയ നിര്‍മലയുടെ പേരില്‍ ഐ.വി. ശശി ഒരുക്കിയ കവിത, കാറ്റ് വിതച്ചവന്‍ എന്നീ ചിത്രങ്ങള്‍ ഷെരീഫിന്‍െറ ആദ്യകാല തിരക്കഥാ രചനകളാണ്. മുരളി മൂവീസ് രാമചന്ദ്രന്‍, ആലപ്പി ഷെരീഫ്, ഐ.വി. ശശി കൂട്ടുകെട്ട് ചെന്നൈയില്‍ ശക്തിപ്പെട്ടതോടെയാണ് ഷെരീഫിന്‍െറ ഒരു ചെറുകഥയെ ആസ്പദമാക്കി ഐ.വി. ശശി ‘ഉത്സവം’ എന്ന സിനിമ 1975ല്‍ സംവിധാനം ചെയ്തത്. ശശി സ്വതന്ത്ര സംവിധായകനായത് ഇതിലൂടെയായിരുന്നു. ‘അസ്തമിക്കാത്ത പകലുകള്‍’ എന്ന സിനിമയും ഷെരീഫ് സംവിധാനം ചെയ്തു. 1986ല്‍ ഐ.വി. ശശിക്കുവേണ്ടി എഴുതിയ ‘അനുരാഗി’ ആയിരുന്നു അവസാനം വെളിച്ചം കണ്ട തിരക്കഥ. പിന്നീട് റഷീദ് കാരാപ്പുഴയുമായി ചേര്‍ന്ന് സിനിമ ഒരുക്കാന്‍ തിരക്കഥ തയാറാക്കിയിരിക്കെയാണ് അന്ത്യമുണ്ടായത്. മൃതദേഹം ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

നസീമയാണ് ഭാര്യ. മക്കള്‍: ഷെഫീസ്, ഷിഹാസ്, ഷെര്‍ണ. മരുമക്കള്‍: ഷബ്നം, ഷാമില, ഷഹനാസ്. സഹോദരങ്ങള്‍: ഷംസുബീവി, ബഷീര്‍ (എഴുത്തുകാരന്‍), കമറുന്നിസ, നസീമ, കലാം (പത്രപ്രവര്‍ത്തകന്‍), പരേതയായ തങ്കമ്മ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.