'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' വിവാദങ്ങൾക്ക് വഴിവെച്ചതെങ്ങനെ?

സെൻസർ ബോർഡുമായുണ്ടായ നീണ്ട യുദ്ധത്തിന് ശേഷം വിവാദമായ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ ഇന്ന് തിയറ്ററുകളിലെത്തുന്നു. ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം ലൈംഗികത ആണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഇത് തെറ്റിദ്ധാരണ മാത്രമാണെന്ന് സംവിധായക അലംകൃത ശ്രീവാസ്തവ പറയുന്നു.

നാലു സ്ത്രീകളുടെയും അവരുടെ സ്വപ്നങ്ങളുടേയും കഥയാണ് ഈ ചിത്രം. സാമ്പത്തിക സ്വാശ്രയത്വം നേടുക, അറിയപ്പെടുന്ന ഗായികയായി മാറുക, വലിയൊരു നഗരത്തിൽ ജീവിക്കാൻ കഴിയുക, ജീവിതം ആസ്വദിക്കാൻ കഴിയുക ഇതൊക്കെയായിരുന്നു അവരുടെ സ്വപ്നങ്ങൾ. സമൂഹത്തിൽ നിന്ന് അവരുടെ ആഗ്രഹങ്ങളെല്ലാം അവർക്ക് ഒളിപ്പിച്ച് വെക്കേണ്ടി വരുന്നു. ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ നടത്തുന്ന സാഹസിക യാത്രയാണ് ഈ സിനിമ. ലിപ്സ്റ്റിക് ഇവിടെ ആഗ്രഹങ്ങളുടെ പ്രതീകവും ബുർഖ പുരുഷമേധാവിത്വ സമൂഹത്തിന്‍റെ പ്രതീകവുമാണ്.

ഫെമിനിസ്റ്റ് സിനിമ എന്നല്ല, 'ലേഡി ഓറിയന്‍റഡ്' എന്നാണ് സെൻസർ ബോർഡ് പഹ്ലജ് നിഹലാനി സിനിമയെ വിശേഷിപ്പിക്കുന്നത്. ഭോപ്പാലിൽ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ അലംകൃതക്ക് കഴിയുന്നു.

സെയിൽസ്ഗേളായി ജോലി ചെയ്യുന്ന ഷിരീൻ (കൊങ്കണ) ഭർത്താവിൽ നിന്ന് താൻ ജോലി ചെയ്യാൻ പോകുന്നുണ്ടെന്ന് മറച്ചുപിടിക്കുന്ന കുടുംബിനിയാണ്. 55 വയസ്സായ ഉഷക്ക് തന്‍റെ പല ആഗ്രഹങ്ങൾക്കും കടിഞ്ഞാണിടേണ്ടി വരുന്നുണ്ടെങ്കിലും മതഗ്രന്ഥങ്ങൾക്കിടക്ക് പോൺ പുസ്തകങ്ങൾ വെച്ച് വായിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നു.

ഭോപ്പാലിലെ ചെറിയ പട്ടണത്തിൽ ജീവിക്കേണ്ടി വരുന്നതിൽ സങ്കടപ്പെടുകയും വലിയ നഗരത്തിലേക്ക് ചേക്കേറാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീയാണ് ലീല. മിലെ സൈറസിനെ മാതൃകയാക്കുകയും അവരുടെ ഫാഷനും രീതിയും പിന്തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ടീനേജുകാരിയാണ് റിഹാന. ഗായികയാകാനുള്ള ആഗ്രഹം അവൾ ബുർഖക്കുള്ളിൽ ഒളിപ്പിച്ചുവെക്കുന്നു.

ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയെ ഒരു ബോൾഡ് ഫിലിം എന്നു വിളിക്കാം. സ്ത്രീയേയും അവളുടെ വസ്ത്രധാരണത്തേയും വിവാഹത്തിന് ശേഷം അവൾ വിധേയമാക്കപ്പെടുന്ന പീഡനത്തെക്കുറിച്ചും സംസാരിക്കാൻ ഈ ചിത്രം മടി കാണിക്കുന്നില്ല എന്നതുകൊണ്ടല്ല അത്. സ്ത്രീയുടെ പ്രശ്നങ്ങളേയും ആഗ്രഹങ്ങളേയും കുറിച്ച് ഏറ്റവും വർണാഭമായിത്തന്നെ കൈകാര്യം ചെയ്യാൻ ഈ സിനിമക്ക് കഴിയുന്നു എന്നതുകൊണ്ടാണ് ഇതൊരു ബോൾഡ് ഫിലിം ആകുന്നത്.

Tags:    
News Summary - lipstick under my burkha- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.