മുംബൈ: ബോളിവുഡ് സിനിമകളുടെ സുവർണകാലം എന്നറിയപ്പെടുന്ന 1950 കളിലും 60കളിലും തിരശ്ശീലയിൽ നിറഞ്ഞ് നിന്ന നിമ്മി എന്ന നവാബ് ബാനു (88) അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരം ജുഹുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി ആര ോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അവരെ ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'ബർസാത്ത് ' എന്ന സിനിമയിൽ അഭിനയം തുടങ്ങിയ അവർ വർഷങ്ങളോളം ബോളിവുഡ് സിനിമയുടെ അനിവാര്യ ചേരുവയായിരുന്നു. രാജ് കപൂർ ആണ് നവാബ് ബാനുവിനെ സിനിമയിൽ അവതരിപ്പിച്ചതും നിമ്മി എന്ന വിളിപ്പേര് നൽകിയതും. രാജ് കപൂറിന്റെ 'ബർസാത്തി'ലെ ജനപ്രിയ ഗാനങ്ങളാണ് നിമ്മിയെ താരമാക്കി വളർത്തിയത്. പിന്നീട് നഷ്ടനായികയായും ചുണയുള്ള ഗ്രാമീണ സുന്ദരിയായുമെല്ലാം അവർ പ്രേക്ഷക മനസ്സുകൾ കീഴടക്കി.
രാജ് കപൂർ, ദിലീപ് കുമാർ, ദേവ് ആനന്ദ്, അശോക് കുമാർ തുടങ്ങിയ നായകരോടൊപ്പമെല്ലാം തിരശ്ശീല പങ്കുവെക്കാൻ നിമ്മിക്കായി. സസാ, ആൻ, ബായ് ബായ്, മേരെ മെഹ്ബൂബ്, പുജാ കെ ഫൂൽ, ആകാശ്ദീപ്... നിമ്മി തിളങ്ങിയ ചിത്രങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. 1986 ൽ റിലീസ് ചെയ്ത 'ലൗവ് ആൻഡ് ഗോഡ് ' ആണ് അവർ അവസാനമായി അഭിനയിച്ച ചിത്രം.
വിവാഹത്തോടെയാണ് നിമ്മി അഭിനയം അവസാനിപ്പിക്കുന്നത്. സംവിധായകനും എഴുത്തുകാരനുമായ അലി റാസയായിരുന്നു ഭർത്താവ്. 2007ൽ ആണ് അദ്ദേഹം മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.