നാടകമല്ല, ഇത് ജീവിതം

‘‘ഇവന്‍റെ അച്ഛന്‍ പണ്ട് കരണ്ട് ആപ്പീസ്സിൽ ലൈന്‍മാന് ആയിരുന്നു.. ജീവിക്കാന്‍ അറിഞ്ഞൂടാത്ത ഒരു മനുഷ്യന്‍. സിനിമ ഭ്രാന്ത് എന്ന് പറഞ്ഞാല്.. ജയന്‍റെയും സുകുമാരന്‍്റെയും ഏതു പടം വന്നാലും എന്നെയും മോളെയും വലിച്ചെടുത്തോണ്ട് പോവും... അങ്ങനെ പണ്ട് അങ്ങാടി എന്ന് പറഞ്ഞു ഒരു സിനിമ പടം ഇറങ്ങിയപ്പോള് എന്നെയും എന്‍റെ മോളെയും...അന്ന് അവള് കൊച്ച്...മരിക്കണതിനു ഒരു ഏഴു എട്ടു കൊല്ലം മുമ്പ്... പാവം എന്‍്റെ പിള്ള ക്ഷയം വന്നാണ് ചത്തത് ..അന്ന് ഇവനെയും വയറ്റില് ഇട്ടോണ്ട് ആണ് പോയത് ...അതില് ജയന്‍റെ ഒരു ഇംഗ്ലീഷ് ടയലോഗ് ഒണ്ടു... വീ ആര്‍ കൂലീസ് ബെഗ്ഗേഴ്സ്സ്... ഹോ.. തീയറ്ററ് എളകി മറിഞ്ഞു മക്കളെ ...എനിക്ക് ആണെങ്കില് എന്‍റെ കാലിന്‍റെ പെരു വെരലീന്നു ഒരു രോമാഞ്ചം അങ്ങോട്ട് കേറി ...അത് വയറ്റി തങ്ങിയപ്പോഴാണ് കാര്യം മനസിലായത്..അത് രോമാഞ്ചം അല്ലാരുന്നു.. പേറ്റു നോവായിരുന്നു... പിന്നെ അങ്ങേരു എന്നെയും മോളെയും എടുത്തോണ്ട് ഓടിയ ഒരു ഓട്ടം ..ആശുപത്രിയില് ചെന്ന് കേറിയതും പെറ്റതും ഒരുമിച്ച് ... അപ്പോതന്നെ പേരും ഇട്ടു... 'ജയൻ'’’

ലെഫ്റ്റ് റൈറ് ലെഫ്റ്റ് എന്ന മലയാളം സിനിമ കണ്ടവരാരും നായകന്‍ വട്ടുജയന്‍െറ അമ്മ പറയുന്ന ഈ ഡയലോഗ് അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. ആ സിനിമയില്‍ ആ അമ്മയുടെ പകര്‍ന്നാട്ടം അത്രക്കുണ്ട്. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലും ആ അമ്മനൊമ്പരങ്ങള്‍ അതേ ആഴത്തില്‍ പകര്‍ത്തിവെച്ചിട്ടുണ്ട് നാടകനടികൂടിയായ സേതുലക്ഷ്മി.  മലയാളസിനിമയുടെ ന്യൂജെന്‍ കാലത്ത് സിനിമക്ക് കിട്ടിയ അമ്മയാണ് അവര്‍. മലയാള നാടകവേദിയില്‍ നാല്‍പത് വര്‍ഷത്തോളം നിറസാന്നിധ്യമായതിന് ശേഷമാണ് അവരെ സിനിമ കൈപിടിച്ച് കൂടെ കൂട്ടിയത്. നാടകത്തേയും സിനിമയെയും ജീവിതത്തെയും കുറിച്ചൊക്കെ വട്ടിയൂര്‍ക്കാവിലെ മകളുടെ വീടായ ‘അമ്മവീട്ടി’ലിരുന്ന് സേതുലക്ഷ്മി മനസുതുറന്നു.

കൊല്ലം നിലമേലാണ് സ്വദേശം. അഛന്‍ ജനാര്‍ദ്ദനന്‍പിള്ള പട്ടാളക്കാരനായിരുന്നു. അമ്മ ഗൗരിയമ്മക്കാണ് കുറച്ചെങ്കിലും കലയോട് താല്‍പര്യം. നാലാം ക്ലാസ് മുതല്‍ ഡാന്‍സ് പഠിച്ചു. വീട്ടിലും കുടുംബത്തിലും എല്ലാവർക്കും എതിര്‍പ്പായിരുന്നു. എന്നിട്ടും സ്വാതിതിരുനാള്‍ കോളജില്‍നിന്ന് നടനഭൂഷണം പാസായി. പാരിപ്പള്ളി എന്ന സ്ഥലത്ത് മൂലധനം എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. നാടകവും ഡാന്‍സും ഒക്കെ അഭ്യസിപ്പിക്കുന്ന മാഷ് തന്നെയാണ് എല്ലായിടത്തും പരിപാടിക്കും കൊണ്ടുപോയിരുന്നത്. കലയോടും നാടകത്തോടും വല്ലാതെ അടുപ്പം തോന്നിയ നാളുകളായിരുന്നു അത്. 45 രൂപയായിരുന്നു ആദ്യകാലത്ത് കിട്ടിയിരുന്ന പ്രതിഫലം. ജീവിക്കാന്‍ പാടുപെട്ട നാളുകള്‍. നാടകത്തെ കൈവിട്ടില്ല. നാടകമേക്കപ്പ്മാനായ അര്‍ജുനനെ പ്രണയിച്ച് വിവാഹം കഴിച്ചു.

ഹൗ ഒാൾഡ് ആർ യുവിലെ ഒരു രംഗം


ജീവിതം പല സ്ഥലങ്ങളിലായി പറിച്ചുനട്ടു‍. കിട്ടുന്ന നാടകങ്ങളിലൊക്കെ അഭിനയിച്ചു. പിന്നെ പിന്നെ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതായി. നിരവധി വേദികള്‍. പുരസ്കാരങ്ങള്‍. നാടകരംഗത്ത് അംഗീകാരങ്ങള്‍ തേടിയത്തെി. അപ്പോഴും ജീവിതത്തിലെ പ്രയാസങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ഇളയമകന്‍ കിഷോറിന് പത്ത് വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. നാല് മക്കളെ ചിറകിനടിയിലാക്കി ഒറ്റക്ക് തുഴഞ്ഞ് ജീവിതം ഒരു കരക്കടിപ്പിച്ചു. പ്രായം ഏറിവന്നതിനാല്‍ ഇപ്പോള്‍ നാടകത്തില്‍ സജീവമാകാന്‍ കഴിയുന്നില്ല. 75 വയസായി. ആരോഗ്യംവേണ്ട കലയാണ് നാടകം. എട്ട് വര്‍ഷമായി നാടകം വിട്ടിട്ട്. എന്നാലും ഇപ്പോഴും നടകത്തോടാണ് സ്നേഹക്കൂടുതല്‍. പണ്ട് നാടകക്കാലത്ത് ഒത്തിരി അവഹേളനങ്ങള്‍ നേരിട്ടിട്ടുണ്ട്. എവിടെപ്പോയാലും ആളുകള്‍ മറ്റൊരു കണ്ണോടെ കണ്ടിരുന്ന നാളുകളുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പിടിച്ചുനിന്നു. ഒരു ദിവസം നാല് നാടകം വരെ കളിച്ചിട്ടുണ്ട്. നാടകാഭിനയിത്തിന് നാല് സംസ്ഥാന അവാര്‍ഡുകളും കിട്ടി. ഇതിനിടയിൽ വളരെ ചെറുപ്പത്തില്‍ കെ.ജി ജോര്‍ജിന്‍െറ ‘ഈ കണ്ണികൂടി’ എന്ന സിനിമയിലും അഭിനയിച്ചു. നായികയുടെ വേലക്കാരിയായിട്ടായിരുന്നു വേഷം. ഏതോ നടി വരാതായപ്പോള്‍ നാടകത്തില്‍ കണ്ടിട്ടുള്ള ഓര്‍മ്മക്ക് വിളിച്ചതാണ്. പിന്നെ വളരെ നാളുകള്‍ക്ക് ശേഷമാണ് സിനിമ ചെയ്യുന്നത്.



നാടകം, സിനിമ

നാടകം വിട്ട് ഏഷ്യാനെറ്റിലെ ‘സ്വന്തം’ എന്ന സീരിയിലില്‍ അഭിനയിച്ചു. അതിനുശേഷമാണ് രസതന്ത്രം സിനിമയിലെത്തുന്നത്. ക്രൂരയായ വീട്ടുവേലക്കാരിയായി അതിലും ശ്രദ്ധിക്കപ്പെട്ടു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഹൗ ഓള്‍ഡ് ആര്‍ യുവും ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുത്തന്നത് ഈ രണ്ടു സിനിമകളും ആണ്. ഇപ്പോള്‍ 35ലധികം സിനിമകള്‍ ചെയ്തു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ 25ലധികം നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് വരെ ഹൗ ഓള്‍ഡ് ആര്‍ യു നേടിക്കൊടുത്തു.

വിശ്വാസം

ചെറുപ്പത്തില്‍ നല്ല വിശ്വാസിയായിരുന്നു. വളര്‍ന്നു േലോകം കണ്ടുതുടങ്ങിയപ്പോള്‍ വിശ്വാസ ചൂഷണത്തെ റിച്ചൊക്കെ ബോധ്യം വന്നുതുടങ്ങി. എന്‍െറ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ ഞാന്‍ നിന്നുകൊടുക്കാറില്ല. ദൈവത്തെ കണ്ടുള്ള പ്രാര്‍ഥനകള്‍ കള്ളമാണ്. കാണാത്ത ദൈവത്തെയാണ് ഇഷ്ടം. എന്നോട് പണം ചോദിക്കാത്ത ദൈവം. ദൈവത്തിന് എന്തിനാണ് പണം. ഞാന്‍ അരൂപിയായ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്‍െറ ദൈത്തിന് രൂപമില്ല. വീട്ടിലെ ഭിത്തിയിലെ എല്ലാ മതവിശ്വാസത്തിന്‍െറയും അടയാള ചിഹ്നങ്ങള്‍ ചൂണ്ടിക്കാട്ടി സേതുലക്ഷ്മി പറഞ്ഞു.


മലയാള സിനിമ

മലയാള സിനിമ വസന്തത്തിന്‍െറ കാലഘട്ടത്തിലാണ്. ഈ മേഖലയിലുള്ളവര്‍ക്കിടയില്‍ അകലം കുറഞ്ഞുവന്നു. വളരെ പണ്ടും സിനിമയിലേക്ക് എത്തിനോക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് അന്തരം പ്രകടമായിരുന്നു. ഇടവേളകളില്‍ ഇരിക്കാന്‍ പോലും കഴിയില്ല. ഭക്ഷണത്തില്‍പോലും വലിയ വ്യത്യാസം. സ്ഥാനമാനങ്ങള്‍ക്കനുസരിച്ചായിരുന്നു പെരുമാറ്റംപോലും. ഇന്നത് മാറി. സംവിധായകനും ഏറ്റവും താഴെ കിടയിലുള്ള ജീവനക്കാരനും വരെ ഒരുമിച്ചിരിക്കുന്നു. എല്ലാവരും ഒരു കുടുംബംപോലെ പണിയെടുക്കുന്നു. സിനിമക്ക് പഴയതെന്നോ പുതിയതെന്നോ ഇല്ല. മാറ്റങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ന്യൂ ജനറേഷന്‍ സിനിമകളില്‍ അമ്മമാരില്ലെന്ന് പറയുന്നത് വെറുതെയാണ്. അമ്മമാര്‍ മാറിയിട്ടുണ്ട്. അത് ശരിയാണ്. പുതിയ ഒരുപാട് അമ്മനടിമാര്‍ രംഗത്തെത്തി. അതിന്‍െറ ഭാഗമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.


രാഷ്ട്രീയം

74 വയസ് കഴിഞ്ഞു. ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. എന്നുകരുതി ജനാധിപത്യത്തിന് എതിരൊന്നുമല്ല. ജീവിതത്തിന്‍റെ ഓട്ടത്തിനിടയില്‍ വോട്ട് ചെയ്യാന്‍പോലും സമയം കിട്ടിയില്ല എന്നു പറയുന്നതാകും ശരി. സമത്വം എന്ന ആശയത്തോടാണ് കൂടുതല്‍ താല്‍പര്യം തോന്നിയിട്ടുള്ളത്. അതിനാല്‍ കമ്യൂണിസത്തോട് കുറച്ച് ഇഷ്ടമുണ്ട്. എന്നുകരുതി മറ്റുള്ളവരോട് വിരോധം ഉണ്ടെന്നല്ല. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരോടും അടുത്ത് ഇടപെഴകനാണ് ആഗ്രഹം. എല്ലാ പാര്‍ട്ടിയിലും നല്ലവരും ചീത്ത ആളുകളും ഉണ്ട്. അത് തിരിച്ചറിഞ്ഞ് നില്‍ക്കണം എന്നു മാത്രം.

ജീവിതവഴിയില്‍ ഏറെ വൈകിയാണ് സിനിമയില്‍ എത്തിയത്. എന്നാലും സിനിമ എന്നെ കൈവെടിഞ്ഞില്ല. ആനയിച്ച് മുന്‍നിരയില്‍തന്നെ നിര്‍ത്തി. അതിന് എല്ലാരോടും കടപ്പാടുണ്ട്. ഇന്ന് കാണുന്ന സൗഭാഗ്യങ്ങളൊക്കെ സിനിമ തന്നതാണ്. അതിലേക്കുള്ള വഴി കാണിച്ചുതന്നത് നാടകവും. പ്രായത്തിന്‍െറ അവശതകള്‍ കൊണ്ടാണ് നാടകത്തില്‍ അഭിനയിക്കാനാകാത്തത്. ഇപ്പോഴും അതിനോടുള്ള അഭിനിവേശം കുറഞ്ഞിട്ടില്ല. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ നാലുപേരറിയുന്നു. ചെയ്യുന്ന കഥാപാത്രങ്ങളെക്കുറിച്ച് പറയുന്നു. ഇതെല്ലാം ആശ്വാസം നല്‍കുന്നു. ജീവിതത്തില്‍ സംഭവിച്ച ചില ദുരന്തങ്ങള്‍ ഒഴിച്ചാല്‍ സന്തുഷ്ടയാണ് ഈ അമ്മ. (സേതുലക്ഷ്മിയുടെ മൂത്ത മകള്‍ ബീന കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചു. മകന്‍ കിഷോര്‍ വൃക്ക രോഗിയാണ്). വരും കാലത്തും മലായളസിനിമയുടെ പുതുഭാവങ്ങള്‍ പകര്‍ന്നുതരുന്ന സിനിമകളില്‍ സ്നേഹംനിറഞ്ഞ അമ്മയായി ഈ നടി ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കാം...

Tags:    
News Summary - sethulakshmi amma actress interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.