ജിംസി തിരക്കിലാണ്...

‘മഹേഷിന്‍െറ പ്രതികാരം’ എന്ന ചിത്രത്തിലെ ജിംസിയെന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അപര്‍ണ ബാലമുരളി. 2013ല്‍ ജയന്‍ ശിവപുരം സംവിധാനം ചെയ്ത ‘യാത്ര തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലത്തെുന്നത്. പിന്നീട് ഒരു സെക്കന്‍ഡ് ക്ളാസ്സ് യാത്ര, ഒരു മുത്തശ്ശി ഗദ, സര്‍വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ളിപ്തം എന്നീ ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഗായിക കൂടിയായ അപര്‍ണ മഹേഷിന്‍െറ പ്രതികാരത്തില്‍ ‘മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്’ ഒരു മുത്തശ്ശിഗദയില്‍ ‘തെന്നല്‍ നിലാവിന്‍െറ’ പാ.വ.യില്‍ ‘വിണ്ണില്‍ തെളിയും മേഘമേ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന അപര്‍ണ തന്‍െറ സിനിമാ വിശേഷങ്ങള്‍ ‘മാധ്യമം’ ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.

സിനിമയിലത്തെിയത്
സിനിമയിൽ വരണമെന്ന് വിചാരിച്ചിരുന്നില്ല. അതിനായി പരിശ്രമിച്ചിട്ടുമില്ല. ജയന്‍ ശിവപുരം സംവിധാനം ചെയ്ത യാത്ര തുടരുന്നു എന്ന ചിത്രത്തിലേക്ക് ഓഡിഷന് വിളിച്ചു. ആ ചിത്രത്തിലൂടെയാണ് സിനിമയിലത്തെുന്നത്. പിന്നീട് ഒരു സെക്കന്‍ഡ് ക്ളാസ്സ് യാത്ര, മഹേഷിന്‍െറ പ്രതികാരം എന്നീ ചിത്രങ്ങളിൽ, ഈ ചിത്രങ്ങൾക്ക് മുമ്പും ഓഡീഷനുണ്ടായിരുന്നു.

പാരമ്പര്യം
പ്രശസ്ത ഗായകനായിരുന്ന കെ.പി. ഉദയഭാനുവിന്‍െറ അനന്തിരവനാണ് അച്ഛന്‍ ബാലമുരളി. അച്ഛന്‍ സംഗീത സംവിധായകനാണ്. അമ്മ ശോഭ മുരളി അഭിഭാഷകയാണെങ്കിലും ഗായികയാണ്. അച്ഛന്‍െറ നാട് പാലക്കാട് കൊടുവായൂരാണ്. അമ്മയുടെ തൃശ്ശൂരും. അമ്മ അയ്യന്തോളില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. വീട്ടില്‍ ഞാനും അച്ഛനും അമ്മയും മുത്തശ്ശനും അമ്മൂമ്മയും മാത്രം.

പഠനം
സ്കൂള്‍ പഠനം ഖത്തറിലായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ ദേവമാതയിലും പഠിച്ചു. പ്ളസ്ടു കഴിഞ്ഞ് ഇപ്പോള്‍ പാലക്കാട് പത്തിരിപ്പാലയിലെ ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ആര്‍ക്കിന് പഠിക്കുന്നു. കോളജിൽ അധ്യാപകരുൾപ്പടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതിനാല്‍ തന്നെ പഠനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോകാനാകുന്നുണ്ട്. കൂടാതെ ഷഫീഖുദ്ദീന്‍, ഹുസ്നാ ബാനു എന്നീ അധ്യാപകരുടെ അടുത്ത് ഡാന്‍സും ഉമാ പിഷാരടി, കാര്‍ത്തിക് വൈദ്യനാഥ് എന്നിവരുടെ അടുത്ത് സംഗീതവും പഠിച്ചു. ഡാന്‍സും പാട്ടും പഠിക്കുന്നതിനാല്‍ കലോല്‍സവങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ ഗാനരംഗത്ത് കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി.

കഥാപാത്രങ്ങള്‍
മഹേഷിന്‍െറ പ്രതികാരത്തില്‍ ജിംസിയായി അഭിനയിക്കുമ്പോള്‍ ഞാനത്ര ബോധവതിയായിരുന്നില്ല. സിനിമാരംഗമുവായി അത്രക്ക് പരിചയമില്ലാത്തതിനാല്‍ വിജയിക്കുമോ പരാജയപ്പെടുമോയെന്നൊന്നുമുള്ള ടെന്‍ഷനുമുണ്ടായിരുന്നില്ല. സംവിധായകന്‍ പറഞ്ഞത്പോലെ അഭിനയിച്ചു. പിന്നീട് അത് വിജയമായപ്പോഴാണ് എനിക്ക് ഉത്തരവാദിത്തം തോന്നി തുടങ്ങിയത്. ഒരു സെക്കന്‍ഡ് ക്ളാസ്സ് യാത്രയില്‍ അമൃത ഉണ്ണികൃഷ്ണനായി ‘അമ്പാഴം തണലിട്ടൊരിടവഴിയേ’ എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ജൂഡ് ആന്‍റണിയുടെ ‘ഒരു മുത്തശ്ശി ഗദ’യില്‍ ആലീസ് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ഇത് അവിചാരിതമായി വന്ന അവസരമായിരുന്നു. ‘സര്‍വോപരി പാലാക്കാരനി’ലെ അനുപമ നീലകണ്ഠന്‍
ചുംബന സമരങ്ങളിലും മറ്റും പങ്കെടുക്കുന്ന ഒരു ആക്ടിവിസ്റ്റാണ്. ‘തൃശ്ശിവപേരൂര്‍ ക്ളിപ്ത’ത്തില്‍ പരുക്കൻ കഥാപാത്രമാണ്. അമ്മയും അച്ഛനുമൊന്നുമില്ലാതെ ഒറ്റക്ക് ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഭാഗിയെന്ന് വിളിക്കുന്ന ബോള്‍ഡായ കഥാപാത്രം. അത്ര പെട്ടെന്ന് ആരുമായും ഇണങ്ങാത്ത, സ്വന്തമായി നിലപാടുള്ള കഥാപാത്രമാണ്. ശ്രദ്ധിക്കപ്പെടും എന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് സ്വീകരിക്കുന്നത്. തൃശ്ശിവപേരൂര്‍ ക്ളിപ്തത്തിന് ശേഷം വേറെ കമ്മിറ്റ് ചെയ്തിട്ടില്ല.

                                                                                                                                                                                              
വിനീതും ഫഹദും
വിനീത് ശ്രീനിവാസന്‍െറ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഭയങ്കര സന്തോഷമുണ്ട്. അതുപോലെ ഇഷ്ടമുള്ള നടനാണ് ഫഹദ് ഫാസില്‍. മഹേഷിന്‍െറ പ്രതികാരത്തില്‍ അദ്ദേഹത്തിന്‍്റെ കൂടെയായതിലും സന്തോഷമുണ്ട്. അന്ന് സെറ്റിലത്തെി ഫഹദിനെ പരിചയപ്പെട്ടപ്പോള്‍ തന്നെ ടെന്‍ഷനെല്ലാം പോയി.

പാട്ടും അഭിനയവും
പാട്ടിനോടും അഭിനയത്തോടും ഇഷ്ടം തന്നെ. അഭിനയിക്കാനെത്തിയതുകൊണ്ടാണ് എനിക്ക് സിനിമയില്‍ പാടാന്‍ സാധിച്ചത്. എന്നാല്‍ വീട്ടില്‍ എല്ലാവരും പാട്ടുകാരായതിനാല്‍ ഞാന്‍ പാടുന്നത് വീട്ടുകാര്‍ക്കിഷ്ടമാണ്

അന്യഭാഷ ചിത്രങ്ങള്‍
ഇപ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. രണ്ടും യുവതലമുറയുടെ കൂടെയാണ്. 8 തോട്ടകള്‍ എന്ന ചിത്രത്തിലും മറ്റൊരു ചിത്രത്തിലുമാണ് അഭിനയിക്കുന്നത്. രഞ്ജിത്, ശ്രീഗണേഷ് എന്നിവരാണ് സംവിധായകര്‍. അതിന്‍െറ ചിത്രീകരണം ഏതാണ്ട് കഴിഞ്ഞു. ഇനി ഒരു ഗാനരംഗം കൂടി ചിത്രീകരിക്കാനുണ്ട്.

സൗന്ദര്യം
മഹേഷിന്‍െറ പ്രതികാരം ചെയ്യുമ്പോള്‍ മേക്കപ്പൊന്നും വേണ്ടി വന്നില്ല.  അന്ന് ഇത്രക്ക് വെളുത്തിട്ടുണ്ടായിരുന്നില്ല.ഇപ്പോഴാണ് കുറച്ച് തടിയൊക്കെ കൂടി നിറം വെച്ചത്. തടി കുറക്കാന്‍ നേരത്തെ ഡാന്‍സുണ്ടായിരുന്നു. തൈറോയിഡിന്‍െറ അസുഖമുള്ളതിനാല്‍ തടി കൂടുന്നുണ്ട്. തടി കൂടുന്നതിനാല്‍ ഇപ്പോള്‍ ജിമ്മിന് പോയിത്തുടങ്ങി. എന്നാല്‍ ഭക്ഷണനിയന്ത്രണമൊന്നുമില്ല. എന്തും കഴിക്കും. പൊതുവേ വിശപ്പ് കൂടുതലാണ്.

യാത്ര
കോഴ്സിന്‍െറ ഭാഗമായാണെങ്കിലും ധാരാളം യാത്ര ചെയ്തിട്ടുണ്ട്. സ്കൂള്‍ പഠനകാലത്ത് ലണ്ടനിൽ പോയിരുന്നു. ലണ്ടനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോയി. അന്ന് ഡയറിയൊക്കെയെഴുതിയിരുന്നു. റിപ്പോര്‍ട്ട് സബ്മിഷനുമുണ്ടായിരുന്നു. അതൊക്കെ പിന്നെ എവിടെയോ ഇട്ടു. അവിടത്തെ ആളുകള്‍ കുറച്ചു കൂടി പ്രാക്ടിക്കലാണ് എന്ന് തോന്നിയിട്ടുണ്ട്. അതിന് ശേഷം ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങൾ സന്ദർശിച്ചു.

വായന
ചെറിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. ഈയടുത്ത് വായിച്ചത് ചേതന്‍ ഭഗതിന്‍െറ ഒരു  പുസ്തകമാണ്. കട്ടിയുള്ള പുസ്തകങ്ങളൊന്നും ദഹിക്കില്ല.

ഭക്തി
അമ്പലത്തില്‍ പോകും. എല്ലാ മതത്തിലും വിശ്വാസമാണ്. ഏത് മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദം വേണമെന്ന് ആഗ്രഹിക്കുന്നു.

ഭാവി
സിനിമ കുറച്ച് കൂടി ഗൗരവത്തിൽ കാണാൻ തുടങ്ങി. നല്ല വേഷങ്ങള്‍ ചെയ്യണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും കരുതുന്നു. ദൈവം സഹായിച്ച് ഇപ്പോള്‍ കിട്ടുന്ന വേഷങ്ങളൊക്കെ വ്യത്യസ്തങ്ങളാണ്. അത് പരമാവധി നന്നാക്കി ചെയ്യണമെന്ന് കരുതുന്നു.

Tags:    
News Summary - aparna balamurali interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.