പ്രതിമാസ പാസിന്‍റെ നിരക്ക് 1500 രൂപയില്‍നിന്ന് 1800 രൂപയായി
ബംഗളൂരു: ബി.എം.ടി.സിയുടെ എ.സി. ബസായ വജ്രയില്‍ സഞ്ചരിക്കാന്‍ ജനുവരി ഒന്നുമുതല്‍ ചെലവേറും. വജ്ര ബസുകളുടെ ദിവസ, മാസ പാസുകളുടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാന്‍ ബി.എം.ടി.സി തീരുമാനിച്ചു. ഡീസല്‍വില വര്‍ധിച്ചതോടെ എ.സി. ബസുകളുടെ സർവിസ് ചെലവ് കുത്തനെ വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തെ മറികടക്കുകയാണ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ടിക്കറ്റ് നിരക്ക് 34 ശതമാനത്തോളം കുറച്ചിരുന്നു. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും വരുമാനത്തില്‍ വര്‍ധനയുണ്ടായില്ല. എന്നാല്‍ എ.സി. ബസുകളിലെ പാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും സാധാരണ ബസ് പാസുകളുടെ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 100 രൂപയായിരുന്ന ദിവസ പാസിന്‍റെ നിരക്ക് 120 രൂപയായും പ്രതിമാസ പാസിന്‍റെ നിരക്ക് 1500 രൂപയില്‍നിന്ന് 1800 രൂപയുമായാണ് വര്‍ധിക്കുക.
ഇതിനൊപ്പം ചിലയിടങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്കിലും മാറ്റം വരും. മാഗഡിയിലേക്കുള്ള സർവിസുകളില്‍ 10 രൂപയും ആനേക്കല്‍, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള സർവിസുകളില്‍ അഞ്ചുരൂപ വീതവുമാണ് വര്‍ധിപ്പിക്കുക. ഈ പ്രദേശങ്ങളിലേക്കുള്ള സർവിസുകളുടെ നടത്തിപ്പിന്‍റെ ചെലവ് വര്‍ധിച്ചതായാണ് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
നോണ്‍ എ.സി ബസുകളിലെ മാസ പാസുകളുപയോഗിച്ച് ഞായറാഴ്ചകളില്‍ സൗജന്യമായി വജ്രബസുകളില്‍ യാത്രചെയ്യാമെന്ന ആനുകൂല്യവും പിന്‍വലിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിലെന്നപോലെ സാധാരണ പാസുള്ളവര്‍ ഈ ബസുകളില്‍ കയറുമ്പോള്‍ അധികതുക നല്‍കണം. ജനുവരി ഒന്നുമുതല്‍ 25 രൂപയാണ് അധിക തുകയായി നല്‍കേണ്ടത്.
ബസ് പാസ് നിരക്ക് വര്‍ധിപ്പിച്ചത് ഇത്തരം പാസുകളെടുക്കുന്ന ഐ.ടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബാധിക്കുക. വൈറ്റ് ഫീല്‍ഡ്, ഇലക്‌ട്രോണിക് സിറ്റി എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന എ.സി ബസുകളില്‍ സഞ്ചരിക്കുന്നവരില്‍ ഏറെയും ഐ.ടി ജീവനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.