നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയില് നടന്ന ബിരുദദാന ചടങ്ങില്നിന്ന്
ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കരുത് -ഡി.കെ. ശിവകുമാർ
ബംഗളൂരു: ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം ചോദ്യം ചെയ്യുന്നത് ഒരിക്കലും അവസാനിപ്പിക്കരുതെന്നും നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയിലെ (എൻ.എൽ.എസ്.ഐ.യു) ബിരുദം നേടിയ വിദ്യാര്ഥികളോട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
എൻ.എൽ.എസ്.ഐ.യുവിന്റെ 34-ാമത് വാർഷിക ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീം കോടതി ജഡ്ജിമാർ, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, മറ്റ് ജഡ്ജിമാർ എന്നിവർ പങ്കെടുത്തു.
മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. ജനങ്ങളെ ഒരിക്കലും മറക്കരുത്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കണം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. എല്ലാ പൗരന്മാർക്കും നീതി ലഭ്യമാക്കണം. ലോകമെമ്പാടുമുള്ള ജനാധിപത്യ സ്ഥാപനങ്ങൾ വെല്ലുവിളികൾ നേരിടുന്ന സമയത്ത് ഭരണഘടന സംരക്ഷിക്കാൻ യുവ അഭിഭാഷകര്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ ചോദ്യം ചെയ്യാനും സംവാദം നടത്താനും വെല്ലുവിളിക്കാനും അതോടൊപ്പം പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും മുഖ്യമന്ത്രി ബിരുദധാരികളോട് ആഹ്വാനം ചെയ്തു.
ഭരണഘടനാ തത്ത്വങ്ങൾ പാഠപുസ്തകങ്ങളിൽ ഒതുങ്ങിനിൽക്കുന്നതിനുപകരം ഭരണം, നയരൂപീകരണം, പൊതുജീവിതം എന്നിവയെ നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധതയും, കാരുണ്യവും, ധൈര്യവുമുള്ള അഭിഭാഷകരെയാണ് സമൂഹത്തിന് ആവശ്യം.
സാധാരണക്കാരുടെ പോരാട്ടങ്ങൾ മനസ്സിലാക്ക്കുകയും ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും വേണം. നിയമ ബിരുദധാരികളെ ജുഡീഷ്യൽ സർവിസ് പരീക്ഷകൾക്ക് പരിശീലിപ്പിക്കുന്നതിനും യുവ അഭിഭാഷകർക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനുമായി കർണാടക സർക്കാർ ഒരു സമർപ്പിത സ്ഥാപനം സ്ഥാപിക്കുമെന്നും ശിവകുമാർ പ്രഖ്യാപിച്ചു.
എൻ.എൽ.എസ്.ഐ.യുവിൽ ഒരു സ്റ്റാർട്ട്-അപ്പ് ലോ ക്ലിനിക്കിന് സർക്കാർ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ കോടതികളില് കോടിക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും വ്യക്തികളും കുടുംബങ്ങളും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നീതി വേഗത്തിലും ലളിതമായും എല്ലാവർക്കും പ്രാപ്യമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. താന് അഭിഭാഷകനാകാൻ ആഗ്രഹിച്ചിരുന്നുവെന്നും വിദ്യാര്ഥിയായിരിക്കെ തന്നെ പാർട്ടി ടിക്കറ്റ് ലഭിച്ചതിനുശേഷം രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.