യാത്രക്കാരി വിമാനത്തിൽ ബഹളംവെക്കുന്നു
ബംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെ.ഐ.എ) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചതിന് ഡോ. വ്യാസ് ഹിരാൽ മോഹൻഭായി (36) എന്ന യാത്രക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ച 2.30ഓടെ സൂററ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 2749 വിമാനം യാത്ര ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സംഭവം.
യെലഹങ്കക്കടുത്ത ശിവനഹള്ളിയിൽ താമസിക്കുന്ന ഡോക്ടറായ മോഹൻഭായി വിമാനത്തിന്റെ ആദ്യ നിരയിൽ തന്റെ ബാഗ് വെച്ച് പിറകിലുള്ള സീറ്റിലേക്ക് പോയി. ബാഗ് സീറ്റിനടുത്തുള്ള ഓവർഹെഡ് ബിന്നിലേക്ക് മാറ്റാൻ കാബിൻ ക്രൂ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു.
ജീവനക്കാരുടെയും പൈലറ്റിന്റെയും ആവർത്തിച്ചുള്ള നിർദേശങ്ങൾ നിരാകരിച്ച് തർക്കം തുടരുകയും സാഹചര്യം ശാന്തമാക്കാൻ ശ്രമിച്ച സഹയാത്രികരോട് കയർക്കുകയും ചെയ്തുവെന്നാണ് പരാതി.
വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പൈലറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് യാത്രക്കാരിയെ വിമാനത്തിൽനിന്ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.