അറസ്റ്റിലായവർ
മംഗളൂരു: മുൽക്കി, സൂറത്ത്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായി 724 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു. മുൽക്കി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ നാലു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 524 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഉഡുപ്പി ജില്ലയിൽ കുന്താപുരം നവുന്ദ മാസ്കിയിലെ ചാറ്റിൻ കെരെയിൽ മുഹമ്മദ് ഷിയാബ് എന്ന ഷിയാബ് (22), ഉള്ളാൾ താലൂക്കിലെ നരിംഗന ഗ്രാമത്തിലെ കല്ലറ കോടിയിൽ താമസിക്കുന്ന മുഹമ്മദ് നൗഷാദ് എന്ന നൗഷാദ് (29), മംഗളൂരു ബെംഗ്രെയിലെ കിലെരിയ കസബ ബെംഗ്രെയിലെ എം.ജെ.എം 960ൽ താമസിക്കുന്ന ഇമ്രാൻ എന്ന ഇംബു (27), ബണ്ട്വാൾ താലൂക്കിലെ ബ്രഹ്മരകോട്ലുവിലെ ബന്തര ഭവനത്തിനടുത്തുള്ള രാമൽ കട്ടെയിലെ എകെ റെസിഡൻസിയിൽ താമസിക്കുന്ന നിസാർ അഹമ്മദ് (36) എന്നിവരാണ് അറസ്റ്റിലായത്.
സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തു.
ഉഡുപ്പി ജില്ലയിലെ കാപ്പു അച്ചാലു മജുരുവിൽ മല്ലാർ പഞ്ചായത്തിനടുത്തുള്ള എസ്.എം.എസ് മൻസിലിൽ മുഹമ്മദ് ഇഖ്ബാൽ (30), ഉഡുപ്പി ജില്ലയിൽ പദുബിദ്രെ കാഞ്ചിനടകയിലെ സർക്കാർ പ്രൈമറി സ്കൂളിന് പിന്നിൽ താമസിക്കുന്ന ഷെഹരാജ് ഷാരൂഖ് (25) എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റു വ്യക്തികളെ തിരിച്ചറിയുന്നതിനുമായി രണ്ട് കേസുകളും കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.