ഗൗരി നായക് കിണർ നിർമാണത്തിൽ
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ സിർസിക്കടുത്ത് അംഗൻവാടി കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ കിണർ കുഴിക്കാനിറങ്ങിയ 55കാരി ഗൗരി നായകിനെ ഉദ്യോഗസ്ഥർ വിലക്കി. അടക്ക വിറ്റ് ജീവിക്കുന്ന ഗൗരി കഴിഞ്ഞ മാസം 30ന് ആരംഭിച്ച കിണർ നിർമാണം 12 അടി താഴ്ചയിൽ എത്തിയപ്പോൾ വനിത ശിശുവികസന ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. സുരക്ഷാ ആശങ്ക സൂചിപ്പിച്ചാണിത്.
‘എന്റെ വീട്ടുവളപ്പിലെ കവുങ്ങിൻ തോട്ടം നനക്കാൻ 70 അടി താഴ്ചയുള്ള കിണർ ഞാൻ കുഴിച്ചിട്ടുണ്ട്. ഇവിടെ അംഗൻവാടി വളപ്പിൽ 60 അടി ആഴം മതിയാവും വെള്ളം കാണാൻ. കുഞ്ഞുമക്കൾ വെള്ളത്തിന് പ്രയാസപ്പെടുന്നതും അവരുടെ ആയമാർ അരകിലോമീറ്റർ അകലെനിന്ന് വെള്ളം ചുമന്ന് കൊണ്ടുവരുന്നതും കണ്ടാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത്.
എന്നാൽ, ഉദ്യോഗസ്ഥർ ചട്ടം നടപ്പാക്കാനാണ് തുനിഞ്ഞത്. വാക്കാലേ വിലക്കിയുള്ളൂ. നോട്ടീസ് തന്നില്ല. നാട്ടുകാർ സഹകരിച്ചാൽ യജ്ഞം ലക്ഷ്യത്തിലെത്തിക്കും’-ഗൗരി പറഞ്ഞു. ജനങ്ങൾ ഗൗരിക്ക് സഹകരണവും പിന്തുണയും നൽകുമെന്ന് സിസ്റി ജീവജല കർമസമിതി പ്രസിഡന്റ് ശ്രീനിവാസ് ഹെബ്ബാർ സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞു.
അംഗൻവാടിക്ക് ചുറ്റുമതിലും കിണർ പൂർത്തിയാവുന്ന മുറക്ക് ആൾമറയും പമ്പും സ്ഥാപിക്കാൻ സമിതി ഫണ്ട് കണ്ടെത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.