ബംഗളൂരു: ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് നടത്തുന്ന ചാരിറ്റബിൾ സംരംഭമായ തണലിന്റെ ബാംഗ്ലൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടിലേറെ കോഓപറേറ്റുകളെയും മനുഷ്യസ്നേഹികളെയും സംയോജിപ്പിച്ച് ബംഗളൂരുവിൽ കോഓപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) മീറ്റ് സംഘടിപ്പിച്ചു. ബനശങ്കരിയിലെ തണൽ മലബാർ ഗ്രാൻഡ്മാ ഹോമിൽ നടന്ന ചടങ്ങിൽ വിവിധ സോഫ്റ്റ്വെയർ കമ്പനി സി.ഇ.ഒമാരും ഡയറക്ടർമാരും ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഇന്ത്യയിലെ ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പ്രശ്നങ്ങൾ എന്നിവ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പരിപാടി വെളിച്ചംവീശി. മൈൻഡ്ട്രീ ഫൗണ്ടേഷൻ മുൻ മേധാവിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്രഹാം മോസസ് മുഖ്യപ്രഭാഷണം നടത്തി.
2008ൽ സ്ഥാപിതമായ തണൽ 19 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം പാർപ്പിടം തുടങ്ങിയ മേഖലകളിൽ 158 സെന്ററുകൾ പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ രാജ്യത്തുടനീളമായി 712 മൈക്രോ ലേണിങ് സെന്ററുകൾ വഴി ചേരിപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം നിർധനരും നിരാലംബരായ 2.7 ലക്ഷം ജനങ്ങൾക്കാണത് വിവിധ പ്രവർത്തനങ്ങളിലൂടെ ആശ്വാസമേകുന്നത്.
മലബാർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ‘ഹൻഗർ ഫ്രീ വേൾഡ്’ പദ്ധതി വഴി ബംഗളൂരുവിൽ ദിവസവും 2500 പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നുണ്ട്. അഞ്ചു ഡയാലിസിസ് കേന്ദ്രങ്ങൾ, ഭവനരഹിതരെ സംരക്ഷിക്കുന്ന തണൽ ഗ്രാൻഡ്മാ ഹോം, ഫിസിയോ തെറപ്പി സെന്റർ, മൈക്രോ ലേണിങ് സെന്റർ, മെഡിക്കൽ സെന്റർ തുടങ്ങിയ പദ്ധതികളും തണൽ ബംഗളൂരുവിൽ നടത്തിവരുന്നു.
തണൽ സി.ഒ.ഒ സുവീൻ ഉപഹാരം കൈമാറി. തണൽ പ്രവർത്തനങ്ങളെക്കുറിച്ച് മുസ്തഫ അവതരണം നടത്തി. ഇംപൾസിസ് സി.ഇ.ഒ സമീർ ഷരീഫ്, തണൽ സി.ഇ.ഒ അനൂപ്, സഫീർ എന്നിവർ സംസാരിച്ചു. ഡോ. രമ്യ യോഗം നിയന്ത്രിച്ചു. സനീർ ആദിരാജ, സഹീർ സി.എച്ച്, ആതിര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.