തണൽ എം.എൽ.സി കോൺവൊക്കേഷൻ ചടങ്ങിൽനിന്ന്
ബംഗളൂരു: ‘തണൽ’ ബംഗളൂരു ചാപ്റ്ററിന്റെ കീഴിൽ മാറത്തഹള്ളി മുനേകല ചേരിപ്രദേശത്ത് പ്രവർത്തിക്കുന്ന തണൽ മൈക്രോ ലേണിങ് സെന്ററിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂൾ പരീക്ഷ പാസായ വിദ്യാർഥികളുടെ കോൺവൊക്കേഷൻ നടത്തി.
സ്കൂൾ ഭാവനയിൽ പോലുമില്ലാതിരുന്ന ചേരിപ്രദേശത്തെ കുട്ടികൾക്കായി അറിവിന്റെ വിത്തുപാകി രണ്ടു വർഷം മുമ്പാണ് മാറത്തഹള്ളിയിൽ തണൽ മൈക്രോ ലേണിങ് സെന്റർ പ്രവർത്തനമാരംഭിച്ചത്. സ്വപ്നങ്ങളുടെ ചിറകിലാണിപ്പോൾ തണലിന്റെ മക്കൾ.
മറ്റു കുട്ടികളെപ്പോലെ തങ്ങളുടെ മക്കൾക്കും ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്ന പ്രതീക്ഷ അവരുടെ രക്ഷിതാക്കളിലും വളർന്നു തുടങ്ങി.
120 വിദ്യാർഥികൾ പഠനം നടത്തിവരുന്നു. 14 പേർ ഓപൺ സ്കൂൾ പരീക്ഷ പാസായി. വരും വർഷത്തിൽ 42 വിദ്യാർഥികൾ പരീക്ഷക്ക് തയാറെടുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സന്നദ്ധ സംഘടനയായ പവർ ഓഫ് ഇന്ത്യ നടത്തിയ കലാക്രിയ പരിപാടിയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. എം.എൽ.സി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തടാകം ഗ്രൂപ്, ലോയൽ വേൾഡ് ബംഗളൂരു തുടങ്ങിയവർ എം.എൽ.സിക്ക് സാമ്പത്തിക സഹായം നൽകി വരുന്നു.
ഷെൽ മിഡിൽ ഈസ്റ്റ് മാനേജർ ഉബൈദുല്ല ഉദ്ഘാടനം നിർവഹിച്ചു. തണൽ ചെയർമാൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. രമ്യ, മുഹദ്ദിസ്, റബീഉൽ എന്നിവർ സംസാരിച്ചു. തടാകം പ്രതിനിധി സഹൽ ഷമീർ സംബന്ധിച്ചു. മുന്നൂറിലധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കൺവീനർ ഷഹീർ, രേഷ്മ, ഷാഹിദ, ഷാഹിന, ഖുതുബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.