സുഷമ
മംഗളൂരു: മണിപ്പാലിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്കോള താലൂക്കിലെ ഖേനി ബാവികേരി ഗ്രാമത്തിൽ താമസിക്കുന്ന സുഷമ അന്നപ്പ നായകാണ് (31) അറസ്റ്റിലായത്.
അങ്കോളയിൽ നിന്നുള്ള യോഗിതയെ (23) വധിക്കാൻ ശ്രമിച്ചതിനും കവർച്ച നടത്തിയതിനുമാണ് കേസ്. യോഗിത മണിപ്പാൽ ശാന്തിനഗറിനടുത്തുള്ള വാടക വീട്ടിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നു. ഈ മാസം 12 ന് രാത്രി യോഗിതയോടൊപ്പം താമസിക്കുന്നവർ രാത്രി ഷിഫ്റ്റ് ജോലിക്ക് പോയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോൾ യോഗിതയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി.
മണിപ്പാൽ എസ്.ഐ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സമീപത്തുള്ള സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയിക്കപ്പെടുന്നവരെ വിശദമായി ചോദ്യം ചെയ്തു. യോഗിതയുടെ മുറിയോട് ചേർന്നുള്ള മുറിയിൽ താമസിച്ചിരുന്ന സുഷമയെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള സുഷമ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. യോഗിതയുടെ സ്വർണ മാലയും കമ്മലുകളും മോഷ്ടിക്കാൻ പദ്ധതിയിട്ടു. മേയ് 12 ന് രാത്രി 9.30 ന് പ്രതി യോഗിതയുടെ മുറിയിൽ ഉറങ്ങി. പുലർച്ചെ യോഗിത ഉറങ്ങുമ്പോൾ കോൺക്രീറ്റ് ഹോളോ ബ്ലോക്ക് ഉപയോഗിച്ച് യോഗിതയുടെ തലയിൽ അടിച്ചു. തുടർന്ന് സ്വർണ്ണ മാലയും കമ്മലുകളും മോഷ്ടിച്ച് സ്വന്തം മുറിയിലേക്ക് മടങ്ങി.
യോഗിതയുടെ മുറിയിലുള്ളവർ രാത്രി ഷിഫ്റ്റിൽ നിന്ന് തിരിച്ചെത്തിയപ്പോൾ യോഗിതയുടെ പരിക്കുകൾ കണ്ടെത്തി. ബഹളം കേട്ട് വന്ന സുഷമ യോഗിതയെ മണിപ്പാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ചു. സി.സിടിവി ദൃശ്യങ്ങളുടെപരിശോധനയിൽ മോഷ്ടിച്ച സ്വർണ്ണ മാലയും കമ്മലുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.