സുൽത്താൻ ഗോൾഡ് ജ്വല്ലറിയിലെ അക്രമം: മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ നാടുകടത്തുന്നു; പ്രതിഷേധവുമായി ബി.ജെ.പി

മംഗളൂരു: കഴിഞ്ഞ വർഷം ഡിസംബർ ആറിന് മംഗളൂരു കങ്കനാടിയിലെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത സംഭവം നയിച്ച മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ ഒരു വർഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപവത്കരിച്ച വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക പൊലീസ് സ്ക്വാഡിന്റെ ശുപാർശ അനുസരിച്ചാണിത്. ഗണേഷ് അത്താവർ, ജയപ്രകാശ് ശക്തിനഗർ, ബാൽചന്ദർ അത്താവർ എന്നിവരെയാണ് നാടുകടത്തുന്നത്.

ജ്വല്ലറിയിൽ ജീവനക്കാരിയായ ഹിന്ദു പെൺകുട്ടിയോട് സഹപ്രവർത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു അക്രമം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തിയവർക്കൊപ്പം ഇരച്ചു കയറിയായിരുന്നു ബജ്റംഗ്ദൾ സംഘത്തിന്റെ ആക്രമണം. ആഭരണങ്ങൾ വാങ്ങാൻ വന്നവരുടെ സാന്നിധ്യത്തിൽ യുവാവിനെ മർദിച്ചു. ജ്വല്ലറിയിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഘം താക്കീത് നൽകി ഇറങ്ങിപ്പോവുകയായിരുന്നു. മർദനമേറ്റ യുവാവും ജ്വല്ലറി മാനേജരും നൽകിയ പരാതികളിൽ അന്ന് പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ കഴിഞ്ഞ ഭരണത്തിൽ അക്രമികൾ നൽകിയ എതിർ പരാതിയിലും പൊലീസ് നടപടിയുണ്ടായി. മൂന്ന് ബജ്റംഗ്ദൾ നേതാക്കൾക്കും മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണർ മുമ്പാകെ ഹാജരാവാൻ പ്രത്യേക സ്ക്വാഡ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് 26ന് മംഗളൂരു നഗരത്തിൽ മറോളിയിൽ സംഘടിപ്പിച്ച ഹോളി ആഘോഷം അക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നൽകിയത് ഈ മൂന്നു പേരായിരുന്നു.

യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാർ ഒത്തുചേരുന്നു എന്നാരോപിച്ചായിരുന്നു രംഗ് ദെ ബർസ എന്ന് പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ബജ്റംഗ്ദൾ അക്രമം നടത്തിയത്.ഡിജെ പാർട്ടിക്കായി ഏർപ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയിൽ വിതറാൻ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചിരുന്നു. സംഘാടകരായ യുവാക്കളെ മർദിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് ആഘോഷ പരിപാടികൾ തുടരാനാവാതെ പങ്കെടുക്കാൻ എത്തിയവർ തിരിച്ചു പോവുകയായിരുന്നു.

സർക്കാർ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് കൺവീനർ

സാമുദായിക അക്രമങ്ങൾ തടയാൻ എന്ന പേരിൽ സിദ്ധാരാമയ്യ സർക്കാർ ഹിന്ദു സംഘടനകളോട് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്ന് ബജ്റംഗ്ദൾ കർണാടക സംസ്ഥാന കൺവീനറും മുൻ മന്ത്രിയുമായ കാർക്കള എം.എൽ.എ വി. സുനിൽ കുമാർ ആരോപിച്ചു. മംഗളൂരുവിൽ മൂന്ന് ബജ്റംഗ്ദൾ നേതാക്കളെ നാടുകടത്താനുള്ള പൊലീസ് നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പൊലീസ് നടപടി നിയമപരമായി നേരിടും.

ദക്ഷിണ കന്നഡയും ഉടുപ്പിയും ഉൾപ്പെട്ട അവിഭക്ത ദക്ഷിണ കനറയിൽ നിലനിന്ന സമാധാന അന്തരീക്ഷം കോൺഗ്രസ് അധികാരത്തിൽ വന്നതോടെ തകരുകയാണ്. മംഗളൂരു എം.എൽ.എയായ സ്പീക്കർ യു.ടി. ഖാദർ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം.എൽ.എമാരിൽ ഒരാളായ സുനിൽ കുമാർ പറഞ്ഞു. പൊലീസിനെ സർക്കാർ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Sultan Gold Jewellery attack: Three Bajrang Dal leaders deported; BJP protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.