മംഗളൂരു: ഗുണ്ടാസംഘത്തലവൻ സുഹാസ് ഷെട്ടി കൊലക്കേസിൽ അറസ്റ്റിലായ പ്രതികളിൽ ഏതാനും പേരുടെ പേരുകൾ മാത്രം പ്രസിദ്ധീകരിക്കുകയും ഹിന്ദു നാമധാരികളായ പ്രതികളുടെ പേരുകൾ ഉൾപ്പെടുത്താതെയും സംഘ്പരിവാർ പ്രസിദ്ധീകരണത്തിന്റെ ഒളിയജണ്ട.
അറസ്റ്റിലായ പ്രതികളെ സംബന്ധിച്ച റിപ്പോർട്ടിൽനിന്ന് ഹിന്ദുനാമധാരികളായ പ്രതികളുടെ പേരുകൾ ആർ.എസ്.എസ് അനുകൂല ഓൺലൈൻ മാധ്യമമായ ‘ഓപ് ഇന്ത്യ’ മനഃപൂർവം ഒഴിവാക്കിയതായി ആൾട്ട് ന്യൂസ് ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്തവരുടെ മുഴുവൻ പട്ടികയും പുറത്തുവിട്ടതിനുശേഷം പോസ്റ്റ് ചെയ്ത ഒപ്ഇന്ത്യയുടെ ട്വീറ്റിൽ അബ്ദുൾ സഫ്വാൻ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് റിസ്വാൻ എന്നീ മുസ്ലിം പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്നും അതേ കേസിൽ കുറ്റം ചുമത്തിയ രഞ്ജിത്തിനെയും നാഗരാജിനെയും ഒഴിവാക്കിയെന്നും ആൾട്ട് ന്യൂസ് ചൂണ്ടിക്കാട്ടി.പൊലീസ് പറയുന്നതനുസരിച്ച്, ആകെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്:
അബ്ദുൾ സഫ്വാൻ, നിയാസ്, മുഹമ്മദ് മുസമ്മിൽ, കലന്ദർ ഷാഫി, മുഹമ്മദ് റിസ്വാൻ, ആദിൽ മഹ്റൂഫ്, രഞ്ജിത്, നാഗരാജ്. വ്യക്തിവൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും ഫലമായാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കമീഷണർ അനുപം അഗർവാൾ സ്ഥിരീകരിച്ചു.
മുഖ്യപ്രതിയായ സഫ്വാൻ, സുഹാസ് ഷെട്ടിയുടെ സംഘം തന്നെ കൊല്ലുമെന്ന് ഭയന്നിരുന്നുവെന്നും ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആരോപിക്കപ്പെടുന്നു. രഞ്ജിത്തിന്റെയും നാഗരാജിന്റെയും പേരുകൾ ഒഴിവാക്കുന്നതിലൂടെ, കൊലപാതകം മതപ്രേരിതമാണെന്ന ആഖ്യാനം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.