വരൾച്ച പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആദ്യ ഗഡു വിതരണ പ്രക്രിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും ചേർന്ന് തുടക്കം കുറിക്കുന്നു
വരൾച്ച പ്രതിസന്ധി: കർഷകർക്ക് ആദ്യഗഡു അനുവദിച്ചു
ബംഗളൂരു: കടുത്ത വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ കർഷകന് പരമാവധി 5,000 രൂപ വരെ വരൾച്ചാ നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഇടക്കാല ആശ്വാസമായി ആദ്യ ഗഡുവായ 2500 രൂപ നല്കുന്ന പ്രക്രിയ വിധാൻ സൗധയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും ചേർന്ന് തുടക്കം കുറിച്ചു.
സർക്കാർ 226 താലൂക്കുകളെയാണ് ഔദ്യോഗികമായി വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംയുക്ത വിളനാശ സർവേ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്താകമാനം 57.93 ലക്ഷം ഹെക്ടറിൽ വിളകൾക്ക് നാശനഷ്ടമുണ്ടായതായും മൊത്തം സാമ്പത്തിക നഷ്ടം 62,481.88 കോടി രൂപയാണെന്നും കണക്കാക്കി. ദേശീയ ദുരന്ത നിവാരണ നിധിക്ക് (എൻ.ഡി.ആർ.എഫ്) കീഴിൽ 22,400.58 കോടി രൂപയുടെ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്ര സര്‍ക്കറിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിൽ വിളനാശ ഇൻപുട്ട് സബ്സിഡിക്ക് 7,943.55 കോടി രൂപയും കുടിവെള്ളത്തിന് 1,727 കോടി രൂപയും കന്നുകാലി സംരക്ഷണത്തിന് 583.04 കോടി രൂപയും എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരമായി 12,146.99 കോടി രൂപയും 61.91 ലക്ഷം ചെറുകിട കർഷകർക്കുള്ള നഷ്ടപരിഹാരവും ഇതില്‍ ഉൾപ്പെടും. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസവും ക്രമക്കേടുകളും ഒഴിവാക്കാൻ 'പരിഹാർ' പോർട്ടൽ, ഡിജിറ്റൽ വിള സർവേ, 'ഫ്രൂട്ട്സ് ഡാറ്റ ബേസ് എന്നിവ സംയോജിപ്പിച്ച് ഒരു ഡിജിറ്റൽ സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ട്.
സംവിധാനത്തിലൂടെ കർഷകർക്ക് ഓഫിസുകൾ സന്ദർശിക്കാതെ നഷ്ടപരിഹാര തുക ആധാർ അധിഷ്ഠിത ഡി.ബി.ടി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. കേന്ദ്ര സർക്കാറിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം കർഷകർക്ക് നൽകുന്ന ഇൻപുട്ട് സബ്സിഡി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മഴയെ ആശ്രയിച്ചുള്ള വിളകൾക്ക് ഹെക്ടറിന് 8,500 രൂപയിൽ നിന്ന് 11,000 രൂപയായും, ജലസേചന വിളകൾക്ക് 17,000 രൂപയിൽ നിന്ന് 22,000 രൂപയായും, ഹോർട്ടികൾച്ചറൽ വിളകൾക്ക് 22,000 രൂപയിൽ നിന്ന് 30,000 രൂപയുമാണ് വര്‍ധനവ്.
എൻ.ഡി.ആർ.എഫിൽ നിന്ന് ഗ്രാന്റ് അനുവദിച്ചാലുടൻ പുതുക്കിയ നിരക്കുകൾ അനുസരിച്ച് ശേഷിക്കുന്ന നഷ്ടപരിഹാര തുക ഒറ്റത്തവണയായി നല്‍കും. ഫസൽ ബീമ യോജന, കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവ പ്രകാരം കർഷകർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.