കെ.പി.എസ്.സി നിയമന ക്രമക്കേട്: ആർ. ഹിതേന്ദ്ര അന്വേഷണ സംഘ തലവൻ
ബംഗളൂരു: കെ.പി.എസ്.സി നിയമനത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ. ഹിതേന്ദ്രയെ കർണാടക ഹൈകോടതി തിങ്കളാഴ്ച നിയമിച്ചു. പൊലീസ് ഇൻസ്പെക്ടർ ജനറലും സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറുമായ ഡോ. ദിവ്യ ഗോപിനാഥന് പകരമായി എ.ഡി.ജി.പി സോമേന്ദു മുഖർജിയെ എസ്.ഐ.ടി അംഗമായി കോടതി നിയമിച്ചു. മറ്റ് അംഗങ്ങളായ പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂപ് ഷെട്ടി, പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഷാമ മിശ്ര എന്നിവർ ടീമിൽ തുടരും.
എസ്.ഐ.ടി നേതൃത്വത്തിൽ മാറ്റം വരുത്തണമെന്നും അതിലെ അംഗങ്ങളിൽ ഒരാളെ മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. ക്രമക്കേട് അന്വേഷിക്കാൻ അലോക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ സെപ്റ്റംബർ 21ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉത്തരവിനെ ചോദ്യം ചെയ്തു. എസ്.ഐ.ടി മേധാവിയെയും മറ്റൊരു അംഗത്തെയും മാറ്റുന്നതിന് ബദൽ ഉദ്യോഗസ്ഥരെ നിർദ്ദേശിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിന് അനുമതി നൽകി. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെത്തുടർന്ന് സംസ്ഥാന സർക്കാർ നാല് ഉദ്യോഗസ്ഥരുടെ പേരുകൾ ഹൈകോടതിയിൽ സമർപ്പിച്ചു. അവരിൽ രണ്ട് പേരെ എസ്.ഐ.ടിയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തു.
നിയമന ക്രമക്കേടുകളിൽ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം നടത്തണമെന്ന് എസ്.ഐ.ടിയോട് ഹൈകോടതി നിർദ്ദേശിച്ചു. കൂടാതെ എസ്.ഐ.ടി ശിപാർശ ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിക്കാനും അന്വേഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകാനും സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചു. നേരത്തെ അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ (സി.ഐ.ഡി) ഉദ്യോഗസ്ഥരെ എസ്.ഐ.ടിയിൽ നിലനിർത്തരുതെന്നും കോടതി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) എസ്.ഐ.ടിയും ഒരുമിച്ച് പ്രവർത്തിക്കുകയും അന്വേഷണത്തിൽ പരസ്പരം സഹകരിക്കുകയും ചെയ്യണമെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.