ബംഗളൂരു: ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ് വിദ്യാർഥി 15 വയസ്സുള്ള തന്റെ സുഹൃത്തിനെ കുത്തിക്കൊന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് കൊല്ലപ്പെട്ടത്.
കുറ്റാരോപിതനായ കുട്ടിയെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ആശുപത്രി സന്ദർശിച്ച അദ്ദേഹം കൊല്ലപ്പെട്ട ചേതന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. കുട്ടികൾ തമ്മിലെ നിസ്സാര വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തന്റെ സർവിസിൽ നിസ്സാര കാര്യത്തിന്റെ പേരിൽ ഇത്രയും ചെറിയ കുട്ടികൾ നടത്തുന്ന കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യം ആദ്യമായാണ് കാണുന്നതെന്നും കമീഷണർ പറഞ്ഞു.
മാതാപിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രതിയും ഇരയും അയൽവാസികളാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാരമായ തർക്കത്തെത്തുടർന്ന് പ്രതി വീട്ടിൽനിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു.
ചേതൻ കുഴഞ്ഞുവീണതിനെത്തുടർന്ന് അവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് പ്രതിയുടെ അമ്മ ഓടിയെത്തി ചേതനെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ചേതൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പ്രതി ഏഴാം ക്ലാസ് വിദ്യാർഥിയും. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റു കുട്ടികളോടൊപ്പം പതിവായി കളിക്കാറുണ്ടായിരുന്നുവെന്നും ഇരുവരുടെയും രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.