ബംഗളൂരു: ലഷ്കർ-ഇ-ത്വയ്യിബ (എൽ.ഇ.ടി) ഭീകര സംഘടനയുമായി ബന്ധപ്പെട്ട ബംഗളൂരു ജയിൽ തീവ്രവാദ കേസിൽ ഏഴ് പേരെ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.ടി. നസീർ എന്ന തടിയൻ്റവിട നസീർ, സയ്യിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സാഹിദ് തബ്രീസ്, മുദാസിർ എന്ന സയ്യിദ് മുദാസിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി, സൽമാൻ ഖാൻ എന്നിവർക്കാണ് ശിക്ഷ. എൻ.ഐ.എ കേസിലെ പ്രധാന പ്രതിയായിരുന്നു എൽഇടി റിക്രൂട്ട്‌മെന്റ് കേസിൽ ജീവപര്യന്തം തടവുകാരനും ബംഗളൂരു സ്‌ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനുമായ ടി. നസീർ, മറ്റ് വിചാരണ തടവുകാരെ തെരഞ്ഞെടുത്ത് ജയിലിലെ തന്റെ ബാരക്കിലേക്ക് മാറ്റിയിരുന്നു.
അവർ മറ്റൊരു മതത്തിൽപ്പെട്ടവരാണെങ്കിൽ അയാൾ അവരെ തീവ്രവാദവൽക്കരിക്കുകയും മതം മാറ്റുകയും ലഷ്‌കറിന്റെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. 2017 മുതൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലായിരുന്ന സമയത്ത് നസീർ എട്ട് തടവുകാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയും റിക്രൂട്ട് നടത്തുകയും ചെയ്തുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. സാധാരണ കോളുകളിലൂടെയും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും നസീർ സഹപ്രതികളുമായും മറ്റുള്ളവരുമായും പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്തതിനുശേഷം മൊബൈൽ ഫോണുകളും സിം കാർഡുകളും നശിപ്പിച്ചു.
കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. ഐ.പി.സി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ഏഴ് പ്രതികളെയും കോടതി ശിക്ഷിച്ചത്. ഇവർക്ക് ചുമത്തിയ ശിക്ഷകൾ ഒരേസമയം നടപ്പിലാക്കുമെന്ന് കോടതി പറഞ്ഞു. കേസിൽ എൻഐഎക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രസന്ന കുമാറാണ് ഹാജരായത്.
2022 ലെ ശിവമോഗ ഐസിസ് ഭീകര ഗൂഢാലോചന കേസിൽ ഒരു പ്രതിയെ പ്രത്യേക എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. കുറ്റവാളിയായ അറാഫത്ത് അലിക്ക് ആറ് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 2025 നവംബറിൽ, ഈ കേസിൽ മറ്റ് രണ്ട് പ്രതികളെ കോടതി ശിക്ഷിക്കുകയും ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
എൻഐഎ കുറ്റപത്രം പ്രകാരം, മുസ്സാവിർ ഹുസൈൻ ഷാസിബ് (പ്രതി-11), അബ്ദുൽ മതീൻ താഹ (പ്രതി-12) എന്നിവർ ശിവമോഗക്കടുത്തുള്ള തീർത്ഥഹള്ളിയിലും ബംഗളൂരുവിലും ആയിരിക്കുമ്പോൾ അറഫാത്തിനെ തീവ്രവാദിയാക്കി റിക്രൂട്ട് ചെയ്തു. 2019 ഡിസംബറിൽ സിഎഎ, എൻആർസി പ്രതിഷേധങ്ങൾക്കിടെ അറാഫത്തും മുഹമ്മദ് ഷാരിഖും (പ്രതി-ഒന്ന്) തീർഥഹള്ളിയിൽ ഗ്രാഫിറ്റി എഴുതി.
2020 ജനുവരിയിൽ, ഒരു ഓൺലൈൻ ഹാൻഡ്‌ലറുടെ നിർദ്ദേശപ്രകാരം, അറഫാത്ത് അറസ്റ്റ് ഭയന്ന് യുഎഇയിലേക്ക് പലായനം ചെയ്തു. മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഷാരിഖ് ,മാസ് മുനീർ അഹമ്മദ് (പ്രതി-രണ്ട്) എന്നിവർ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്), ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി), താലിബാൻ എന്നീ ഭീകര സംഘടനകളെ പിന്തുണച്ച് മംഗളൂരു നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ ചുവരെഴുത്ത് ശടത്തിയതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറഫാത്തിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.