സുപ്രീം കോടതി
ബംഗളൂരു: മൈസൂരു ദസറ ഉത്സവം ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള അപ്പീൽ ഹരജി വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വ്യാഴാഴ്ച സമ്മതിച്ചു. ബി.ജെ.പി മുൻ എം.പി പ്രതാപ് സിംഹയും മറ്റു രണ്ടുപേരും സമർപ്പിച്ച മൂന്ന് ഹരജികൾ കർണാടക ഹൈകോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പ്രത്യേക അവധി ഹരജിയാണ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സമ്മതിച്ചത്.
ഈ മാസം 15നായിരുന്നു ഹരജികൾ കർണാടക ഹൈകോടതി തള്ളിയത്. വ്യത്യസ്ത വിശ്വാസത്തിലുള്ള ഒരാളെ ദസറ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് ഭരണഘടനാപരമോ നിയമപരമോ ആയ അവകാശത്തെ ലംഘിക്കുന്നില്ലെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടനത്തിന് കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ തെരഞ്ഞെടുത്തതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ നേതൃത്വത്തിൽ ചാമുണ്ഡിഹിൽസിലേക്ക് പ്രതിഷേധ റാലിയും സംഘടിപ്പിച്ചെങ്കിലും ഇത് പൊലീസ് തടഞ്ഞു. ബാനു മുഷ്താഖിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തുവരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.