കാസ്റ്റലിനോ
മംഗളൂരു: പള്ളിയിലെ പ്രാർഥന ചടങ്ങുകൾക്ക് കന്നട ഭാഷ നിർബന്ധമാക്കരുതെന്ന് ബംഗളൂരുവിലെ കാതലിക് തിങ്ക് ടാങ്ക് കമ്മിറ്റി പ്രസിഡന്റും മംഗളൂരു കത്തോലിക്ക രൂപത പബ്ലിക് റിലേഷൻസ് ഓഫിസറും കർണാടക കൊങ്കണി സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റുമായ റോയ് കാസ്റ്റലിനോ.
കർണാടക രക്ഷണ വേദികെയിലെ നാരായൺ ഗൗഡയും സംഘവും പള്ളിയിലെ പ്രാർഥന ശുശ്രൂഷകളിൽ കന്നട മാത്രം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു അതിരൂപതയിലെ ആർച്ച് ബിഷപ് മോസ്റ്റ് റവ. ഡോ. പീറ്റർ മച്ചാഡോയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് കാസ്റ്റലിനോയുടെ പ്രസ്താവന. കന്നട നിസ്സംശയം കർണാടകയുടെ പരമാധികാര ഭാഷയാണെന്ന് കാസ്റ്റലിനോ പറഞ്ഞു. എന്നാൽ, കൊങ്കണി, തുളു, കൊടവ, ബ്യാരി, ലംബാനി തുടങ്ങിയവ മാതൃഭാഷയായി സംസാരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്.
കന്നടയെ ബഹുമാനിക്കുന്നതിനൊപ്പം, ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും പ്രധാനമാണ്. കന്നട, ഇംഗ്ലീഷ്, തമിഴ്, മലയാളം, കൊങ്കണി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ പ്രാർഥന ശുശ്രൂഷകൾ നടത്തുന്ന രീതിയാണ് ബംഗളൂരു അതിരൂപതയിൽ നിലവിലുള്ളത്.
കന്നടയിൽ മാത്രം പ്രാർഥനകൾ നടത്തണമെന്ന നിലവിലെ അഭ്യർഥന അനാവശ്യ സമ്മർദത്തിലേക്കു നീങ്ങും. പ്രാർഥനകൾ കന്നടയിൽ മാത്രം നടത്തണമെന്ന ആവശ്യം പിന്നീട് നിർബന്ധമായി മാറിയേക്കാം. അതിനെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.