മംഗളൂരു: വിവിധ സംഭവങ്ങളിലായി ട്രെയിൻ യാത്രക്കാരെ കവർച്ച നടത്തിയ യു.പി, ഡൽഹി സ്വദേശികൾ അറസ്റ്റിലായി. ഉത്തർപ്രദേശിൽനിന്ന് വിമാനത്തിലെത്തി ട്രെയിനുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ മംഗളൂരു ജങ്ഷൻ റെയിൽവേ സുരക്ഷ സേന പിടികൂടിയപ്പോൾ തിരുനെൽവേലി-ദാദർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാരിയുടെ പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് കവർന്ന ഡൽഹി സ്വദേശിയെ ഉഡുപ്പി റെയിൽവേ പൊലീസും റെയിൽവേ സുരക്ഷ സേനയും അറസ്റ്റ് ചെയ്തു. യു.പിയിലെ മിർസാപൂരിലെ അഭയ് രാജ് സിങ് (25), രജ്പുരയിലെ ഹരിശങ്കർ ഗിരി(25) എന്നിവരാണ് മംഗളൂരുവിൽ അറസ്റ്റിലായത്.
സംഘത്തിലെ മൂന്നാമൻ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം 27നാണ് സംഘം യു.പിയിൽനിന്ന് ഗോവയിൽ വിമാനമിറങ്ങിയതെന്ന് ആർ.പി.എഫ് പറഞ്ഞു. മംഗളൂരുവിലെത്തി തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറി. കായംകുളത്തായിരുന്നു ആദ്യ കവർച്ച.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ട്രെയിനുകളിൽ യാത്രക്കാരെ കവർച്ച ചെയ്തു. മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാലു തവണയും ഷിരൂർ, ബാർകുർ സ്റ്റേഷനുകളിൽ രണ്ടു വീതവും കവർച്ചകൾ നടത്തി. കവർച്ച ചെയ്യേണ്ട യാത്രക്കാരെ നേരത്തേ നോട്ടമിടും. അവർക്ക് ഇറങ്ങേണ്ട സ്ഥലങ്ങൾ സൗഹൃദപൂർവം ചോദിച്ചറിയും. ട്രെയിൻ സ്റ്റേഷൻ അടുക്കാറാകുമ്പോൾ വാതിലിനടുത്ത് നിൽക്കും.
മിന്നൽ വേഗത്തിൽ കൊലുസ്സ്, മാല തുടങ്ങിയവ കവർന്ന് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയാണ് സംഘത്തിന്റെ രീതി. 126 ഗ്രാം സ്വർണാഭരണങ്ങളും പണവും പിടിച്ചെടുത്തു. മറ്റൊരു കവർച്ച സംഭവത്തിൽ ഡൽഹി സ്വദേശി സണ്ണി മൽഹോത്ര(30) അറസ്റ്റിലായി. 4.67 ലക്ഷം രൂപ, 93.17 ഗ്രാം സ്വർണാഭരണങ്ങൾ എന്നിങ്ങനെ 6.75 ലക്ഷം വിലവരുന്ന സാധനങ്ങൾ പിടിച്ചെടുത്തു.
തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ ബാഗ് കാണാനില്ലെന്ന കാര്യം യാത്രക്കാരി ടി.ടി.ഇയെ അറിയിക്കുകയായിരുന്നു. അദ്ദേഹം നൽകിയ വിവരമനുസരിച്ച് പൊലീസ്, ആർ.പി.എഫ് സേനകൾ ഉടൻ അന്വേഷണം ആരംഭിച്ചു. ഉഡുപ്പി റെയിൽവേ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ആളൊഴിഞ്ഞ ഭാഗത്ത് നിൽക്കുകയായിരുന്ന യുവാവിന്റെ തിരിച്ചറിയൽ കാർഡ് ചോദിച്ചുവാങ്ങിയ പൊലീസ് കൂടുതൽ വിവരങ്ങൾ തേടി. മംഗളൂരുവിൽനിന്ന് മഡ്ഗാവിലേക്കുള്ള ടിക്കറ്റാണ് അയാളുടെ കൈയിൽ ഉണ്ടായിരുന്നത്.
പരിസരത്തെ പുല്ലിൽ വലിച്ചെറിഞ്ഞ നിലയിൽക്കണ്ട എ.ടി.എം കാർഡ് തുമ്പായെടുത്ത് എ.എസ്.ഐ സുധീർ യാത്രക്കാരന്റെ ദേഹപരിശോധന നടത്തിയപ്പോൾ പണവും സ്വർണവും കണ്ടെത്തി. തൊകൂർ സ്റ്റേഷനിൽ കവർച്ച നടത്തി ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോൾ ചാടിയിറങ്ങി പണവും ആഭരണങ്ങളും കൈക്കലാക്കി ബാഗ് വലിച്ചെറിയുകയായിരുന്നു. ഇതിൽനിന്ന് വീണതാണ് എ.ടി.എം കാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.