മന്ത്രി മധു ബംഗാരപ്പ മാധ്യമങ്ങളോട് സംസാരിക്കുന്നു
മംഗളൂരു: ഹൈന്ദവ വിശ്വാസങ്ങൾക്കൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുക കൂടി ചെയ്യുന്നവരാണ് യഥാർഥ ഹിന്ദുക്കൾ എന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിന്ദുത്വത്തിന്റെ മറവിൽ തീര ജില്ലകളിൽ വിഭാഗീയത സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു. മരണങ്ങളും മതവും രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണവർ. താൻ ഹിന്ദുവാണ്.
രാമഭക്തിയുണ്ട്. പ്രാർഥനയിലാണ് അത് പ്രകടിപ്പിക്കുന്നത്. അയോധ്യയിൽ പോവുമ്പോൾ രാമക്ഷേത്രം സന്ദർശിക്കും. അതുപോലെ മുസ്ലിം, ക്രൈസ്തവ, ബുദ്ധ ദേവാലയങ്ങളും സന്ദർശിക്കും. കോൺഗ്രസുകാരനും ബംഗാരപ്പയുടെ മകനുമായ തനിക്ക് ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനാവില്ല.
ബി.എസ്. യെദിയൂരപ്പയോ നളിൻ കുമാർ കട്ടീലോ അല്ല വോട്ടർമാരാണ് അത് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി തന്റെ രാജി ആവശ്യപ്പെടുന്നതിനോട് മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് ഉത്തരവാദി ആരാണെന്ന് തന്റെ രാജി ആവശ്യപ്പെടുന്നവർ ആലോചിച്ചാൽ നല്ലത്.
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിനെത്തുടർന്ന് ബി.ജെ.പി എം.പി നളിൻ കുമാർ കട്ടീലിന്റെ കാർ തടഞ്ഞത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നില്ലെന്ന് ഓർമയുണ്ടാവണം.
തീരജില്ലകൾ സന്ദർശിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി റൺദീപ് സുർജെവാല തന്നെ ചുമതലപ്പെടുത്തിയതായി മധു ബംഗാരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.