കഴിഞ്ഞ മാർച്ച് മൂന്നിനുണ്ടായ സ്ഫോടനശേഷം രാമേശ്വരം കഫേയിലെ ദൃശ്യം 

രാമേശ്വരം കഫേ സ്ഫോടനം; പ്രതികൾ ആദ്യം ബി.ജെ.പി ഓഫിസ് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിൽ നാലു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ആദ്യം ബംഗളൂരു മല്ലേശ്വരത്തെ ബി.ജെ.പി ഓഫിസാണ് ലക്ഷ്യമിട്ടിരുന്നതെന്നും 2024 ജനുവരി 22ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ദിനത്തിൽ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. അത് നടക്കാതെ പോയതോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.

അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുസവ്വിർ ഹുസൈൻ ഷസീബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ശരീഫ് എന്നിവർക്കെതിരെയാണ് ഐ.പി.സി, യു.എ.പി.എ, പി.ഡി.പി.പി വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. ശിവമൊഗ്ഗ സ്വദേശികളായ താഹയും ഷസീബും കൃത്രിമ പേരുകളിൽ ഇന്ത്യൻ സിംകാർഡും ബാങ്ക് അക്കൗണ്ടും തരപ്പെടുത്തിയതായും ഡാർക്ക് വെബ് വഴി ഇന്ത്യൻ രേഖകളും ബംഗ്ലാദേശി രേഖകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

ഇവർക്ക് ക്രിപ്റ്റോ കറൻസിയായാണ് ഫണ്ട് ലഭിച്ചിരുന്നതെന്നും ഇതുപയോഗിച്ച് ബംഗളൂരുവിൽ വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടതായും എൻ.ഐ.എ പറയുന്നു. ബോംബ് സ്ഫോടനം പ്ലാൻ ചെയ്തത് മുസവ്വിർ ഹുസൈൻ ഷസീബാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. 2020ൽ അൽ ഹിന്ദ് മൊഡ്യൂൾ കേസിന് പിന്നാലെ ഷസീബും താഹയും ഒളിവിലായിരുന്നു.

കഫേ സ്ഫോടനം നടന്ന് 42 ദിവസത്തിനുശേഷം പശ്ചിമ ബംഗാളിൽനിന്നാണ് ഇരുവരും എൻ.ഐ.എയുടെ പിടിയിലാവുന്നത്. ഐ.സി.സിൽ ചേരാൻ സിറിയൻ അതിർത്തിയിൽ പോവാൻ ഇരുവരും പ്ലാൻ ചെയ്തിരുന്നു. മുസ്‍ലിം യുവാക്കളെ ഐസിസ് ആശയത്തിലേക്ക് കൊണ്ടുവരാനും ഇവർ ശ്രമിച്ചിരുന്നു. അങ്ങനെയാണ് മാസ് മുനീർ അഹമദ്, മുസമ്മിൽ ശരീഫ് എന്നിവർ ഇവർക്കൊപ്പമെത്തുന്നതെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.

മാർച്ച് ഒന്നിന് ഉച്ചയോടെ വൈറ്റ് ഫീൽഡ് ഐ.ടി.പി.എൽ റോഡിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റിരുന്നു. കർണാടക സി.സി.ബിയിൽനിന്ന് മാർച്ച് മൂന്നിന് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - Rameswaram Cafe Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.