സന്തോഷ് ലാഡ്
സ്വകാര്യ മേഖലയിലെ കന്നഡികർക്കുള്ള ജോലി സംവരണ ബിൽ കർണാടക പുനഃപരിശോധിക്കും- സന്തോഷ് ലാഡ്
ബംഗളൂരു: സ്വകാര്യ മേഖലയിലെ കന്നഡിഗർക്ക് ജോലി സംവരണം ചെയ്യാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കുമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദേശത്തിനെതിരെ സർക്കാറിനുള്ളിൽ എതിർപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും മറ്റ് വകുപ്പുകളുമായി ചർച്ചകൾ ആവശ്യമാണെന്നും ലാഡ് പറഞ്ഞു. ഐ.ടി/ബി.ടി വകുപ്പ് നിര്‍ദേശത്തെ എതിര്‍ത്തിട്ടില്ല. വ്യവസായങ്ങൾ, ഫാക്ടറികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ തദ്ദേശവാസികളെ നിയമിക്കുന്നതിനുള്ള ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചിരുന്നു. നിർദിഷ്ട ബില്ലിനെക്കുറിച്ച് വ്യവസായ പ്രതിനിധികള്‍ ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് ബിൽ നിർത്തിവെച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളിൽ 70 ശതമാനം മുതൽ 75 ശതമാനം വരെ തദ്ദേശീയ ഉദ്യോഗാർത്ഥികൾക്ക് സംവരണം ചെയ്യണമെന്നും സ്വകാര്യ വ്യവസായങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകളിൽ കന്നഡിഗർക്ക് നൂറുശതമാനം സംവരണം ഏർപ്പെടുത്താനും ബില്ലില്‍ നിര്‍ദേശം ഉണ്ടായിരുന്നു. തദ്ദേശവാസികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഐ.ടി/ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ നടപടികൾ നേരിടുന്ന നിയമപരമായ വെല്ലുവിളികൾ സർക്കാർ പഠിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ബില്ലിന് അന്തിമരൂപം നൽകുമെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.