കൃപ ആൽവ, സിദ്ധരാമയ്യ
കർണാടകയിൽ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് 'സ്റ്റിങ് ഓപ്പറേഷൻ'; മുൻ ജനറൽ സെക്രട്ടറി കൃപ ആൽവയെ പുറത്താക്കി
ബംഗളൂരു: കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ട് നടന്ന വിവാദ 'സ്റ്റിങ് ഓപ്പറേഷനിൽ' (ഒളിക്യാമറ ഓപ്പറേഷൻ) പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടക സംസ്ഥാന കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) മുൻ ജനറൽ സെക്രട്ടറി കൃപ ആൽവയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണ് കൃപയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുണ്ടായ വലിയ നാണക്കേടും മാധ്യമങ്ങളിലൂടെയുള്ള പ്രതികൂല വാർത്തകളും കണക്കിലെടുത്താണ് നടപടിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്റ്റിങ് ഓപ്പറേഷൻ വിവാദത്തിൽ പേര് ഉയർന്നുവന്നതും തുടർന്നുണ്ടായ സംഭവവികാസങ്ങളും പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിൽ കൃപ ആൽവയോട് വിശദീകരണം ചോദിച്ച് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇതുവരെയും യാതൊരു വിശദീകരണവും കൃപ നൽകിയിട്ടില്ല. അതേസമയം, കർണാടക പി.സി.സി അധ്യക്ഷന്റെ നിർദേശപ്രകാരമാണ് ആറു വർഷത്തേക്ക് പുറത്താക്കാനുള്ള നടപടിയെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അവഹേളിക്കുന്ന രീതിയിലുള്ള വീഡിയോക്ക് പിന്നിൽ കൃപ ആൽവയാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഈ വീഡിയോ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ അദ്ദേഹം കോടതിയിൽ നിന്ന് വിലക്ക് ഉത്തരവും നേടിയിരുന്നു.
അതേസമയം, സിദ്ധരാമയ്യക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അടങ്ങിയ വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് കേസ് അന്വേഷിക്കുന്ന ബംഗളൂരു സിറ്റി പൊലീസ് വ്യാഴാഴ്ച വ്യക്തമാക്കി. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളോ മൊഴികളോ വീഡിയോയിൽ ഉന്നയിച്ചിരിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ നടന്നതായി സ്ഥിരീകരിക്കുന്നില്ലെന്നും, തികച്ചും കെട്ടിച്ചമച്ച കഥയാണിതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.